‘ഈ നാട് നിങ്ങളെ ചേർത്ത് പിടിക്കുന്നു, പഠിച്ചു മുന്നേറൂ,വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ട്’; മന്ത്രി വി ശിവൻകുട്ടി
നീണ്ട ഇടവേളയ്ക്ക് ശേഷം സങ്കടകടൽ കയറി അറിവിന്റെ മുറ്റത്തേയ്ക്ക് വീണ്ടും അവർ ചിരിക്കുന്ന മുഖവുമായി എത്തി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ് കുട്ടികൾ എത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി.
വയനാടിനൊപ്പമാണ് ഈ നാട് മുഴുവനെന്നും എല്ലാവരും പഠിച്ചുമുന്നേറണമെന്നും വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് 40 ദിവസത്തെ പഠനം നഷ്ടമായിട്ടുണ്ട് അതുകൊണ്ടുതന്നെ അധിക ക്ലാസെടുത്ത് പരിഹാരം ഉണ്ടാകുമെന്നും അതിനായി അധ്യാപകർക്ക് പരിശീലനം നൽകി വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്നും വെള്ളാർമല സ്കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിൻ്റെ സ്മാരകമായി നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിത പ്രദേശത്തെ പുനര്നിര്മിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അതിന്റെ ആദ്യഘട്ടമാണ് ഈ പ്രവേശനോത്സവമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. 607 കുട്ടികളുടെ പ്രവേശനമാണ് ഇന്ന് മേപ്പാടിയിൽ നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. വിദ്യാർത്ഥികൾക്ക് പുതിയ പഠന സാമഗ്രികൾ നൽകും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.