നെഹ്റുട്രോഫി വള്ളംകളി: ഈ മാസം 28ന് നടത്തണമെന്ന് ആവശ്യവുമായി വള്ളംകളി സംരക്ഷണ സമിതി
നെഹ്റുട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിനായി വള്ളംകളി പ്രേമികളുടെ പരിശ്രമം വിജയത്തിലേക്ക് അടുക്കുന്നു. ഈ മാസം 28ന് വള്ളംകളി നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കളക്ടർക്ക് നിവേദനം നൽകും.
നെഹ്റു ട്രോഫി ജലമേളയ്ക്കായി ലോകമെമ്പാടും കാത്തിരിക്കുന്ന ലക്ഷക്കണക്കിന് നെഹ്റു ട്രോഫി പ്രേമികൾ ഉണർന്നതോടെ വള്ളംകളി നടത്തുമെന്ന് തീരുമാനത്തിലേക്ക് ഒടുവിൽ സർക്കാർ എത്തി. എന്നാൽ കേവലം പ്രഖ്യാപനങ്ങൾ കേട്ട് വീണ്ടും മിണ്ടാതെ കാത്തിരിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജലോത്സവ പ്രേമികൾ. ഓണത്തിന് ശേഷം ഈ മാസം 28ന് ഭൂരിപക്ഷ ക്ലബ്ബ് ഭാരവാഹികളും വള്ളംകളി സംരക്ഷണ സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്.
ഭൂരിപക്ഷ ക്ലബ്ബുകളും 28 തീയതി എന്ന തീരുമാനം അംഗീകരിച്ചു. 24 തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്. കളക്ടർ ചെയർമാനായ NTBR സൊസൈറ്റി ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരാൻ സാധ്യതയുണ്ട്. വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സർക്കാർ തിയതി പ്രഖ്യാപിക്കാത്തത് സംശയസ്പദമെന്ന് രമേശ് ചെന്നിത്തല.