‘ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കുക’; കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിൻ്റെ അനുയായിക്ക് മുന്നറിയിപ്പ്
കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിൻ്റെ അടുത്ത അനുയായി ഇന്ദർജീത്ത് സിങ് ഗോസാലിന് കനേഡിയൻ പൊലീസിൻ്റെ മുന്നറിയിപ്പ്. ജീവന് ഭീഷണിയുണ്ടെന്നും സൂക്ഷിക്കണമെന്നും ഗോസാലിന് പൊലീസ് മുന്നറിയിപ്പ് നൽകിയതായി ഗുർപത്വന്ത് സിങ് പന്നുൻ ആണ് അറിയിച്ചത്. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒൺടാറിയോ പൊലീസാണ് മുന്നറിയിപ്പ് നൽകിയതെന്നാണ് ഖലിസ്ഥാൻ തീവ്രവാദിയായ പന്നുൻ വെളിപ്പെടുത്തിയത്.
ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് നേതാവായിരുന്ന നിജ്ജറിനൊപ്പം വളരെ അടുത്ത് പ്രവർത്തിച്ചയാളാണ് ഗോസാൽ. 2023 ജൂണിൽ സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വച്ചാണ് നിജ്ജർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യ ഭീകരവാദിയെന്ന് മുദ്രകുത്തിയ 40 പേരിൽ ഒരാളായിരുന്നു നിജ്ജർ. സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാട്. ഇത് കേന്ദ്രസർക്കാർ തള്ളിയിരുന്നു.
നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരാണ് കാനഡയിൽ അറസ്റ്റിലായിട്ടുള്ളത്. അതേസമയം നിജ്ജറുമായി ബന്ധമുള്ള ഒരാൾക്ക് അമേരിക്കയിൽ വെടിയേറ്റിരുന്നു. ഓഗസ്റ്റ് 11 നായിരുന്നു സംഭവം. കാലിഫോർണിയയിലെ താമസക്കാരനും നിജ്ജറുമായി ബന്ധമുണ്ടായിരുന്ന നിഖിൽ ഗുപ്തയെയാണ് വാഹനത്തിലെത്തിയ അജ്ഞാതർ വെടിവച്ചത്. എന്നാൽ എഫ്ബിഐ ഏജൻ്റ്സിൻ്റെ ഇടപെടൽ മൂലം നിഖിൽ ഗുപ്ത രക്ഷപ്പെടുകയായിരുന്നു. ഈ കേസിൽ എഫ്ബിഐ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.