വിഴിഞ്ഞത്ത് നാളെ ‘ഡെയ്‌ല’ എത്തും; മദര്‍ഷിപ്പെത്തുന്നത് തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) മദര്‍ഷിപ്പ് നാളെ വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്. ‘ഡെയ്‌ലാ’ കപ്പലാണ് നാളെ വിഴിഞ്ഞത്തെത്തുന്നത്. ഡെയ്‌ലാ കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുണ്ട്. വാഹകശേഷി 13,988. മൗറീഷ്യസില്‍ നിന്നും മുംബൈ തുറമുഖം വഴിയാണ് കപ്പല്‍ വിഴിഞ്ഞെത്തുന്നത്. വിഴിഞ്ഞത്തിറക്കുന്ന കണ്ടെയ്‌നറുകള്‍ തിരികെ കൊണ്ടുപോകാന്‍ എംഎസ്‌സിയുടെ ഫീഡര്‍ അടുത്ത ആഴ്ചയെത്തും.
ട്രയല്‍ റണ്ണിന്റെ ഭാഗമായി മൂന്ന് കപ്പലുകള്‍ നേരത്തെ വിഴിഞ്ഞത്തെത്തിയിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 കപ്പലുകളെത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. മദര്‍ഷിപ്പുകള്‍ എത്തിയ ശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുക. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്‌നറുകളായിരുന്നു ഉണ്ടായത്.
ഇതോട് കൂടി രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര്‍ ദൂരം കണക്കാക്കിയാല്‍ ഏതാണ്ട് 19 കിലോമീറ്റര്‍ മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന്‍ കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില്‍ ഭാരം കയറ്റാവുന്ന കപ്പലുകള്‍ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.