വിജയ് പാർട്ടി കൊടിയിലെ ആനകളെ ഒഴിവാക്കണം; പരാതി നൽകി ബിഎസ്പി
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ) ബിഎസ്പി (ബഹുജൻ സമാജ് പാർട്ടിയുടെ) തമിഴ്നാട് ഘടകത്തിന്റെ പരാതി. പാർട്ടിയുടെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നേതാക്കൾ കൈമാറി.
തങ്ങളുടെ പാർട്ടി കൊടിയിലും ആന ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും പാർട്ടി പ്രതിനിധികൾ പറയുന്നു. ടിവികെ പതാകയിൽ നിന്ന് ആനകളെ മാറ്റണം അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ചുവപ്പും മഞ്ഞയും നിറത്തിൽ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടിവികെ കൊടിയിൽ ഉള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്‌റ്റർ ചെയ്‌തു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്‍റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്‌താവനയിൽ വിജയ് അറിയിച്ചിരുന്നു. പാർട്ടി പതാകയും, പാര്‍ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു.
‘എന്‍റെ ഹൃദയത്തിൽ ജീവിക്കുന്ന സഖാക്കളെ, ഓരോ ദിവസവും ചരിത്രത്തിൽ ഒരു പുതിയ ദിശയും പുതിയ ശക്തിയുമായി മാറുകയാണെങ്കിൽ, അത് വലിയ അനുഗ്രഹമാണ്. ദൈവവും പ്രകൃതിയും നമുക്കായി നിശ്ചയിച്ച ദിവസം ആഗസ്‌റ്റ് 22 ആണ്. നമ്മുടെ തമിഴക വെട്രി കഴകത്തിന്‍റെ പ്രധാന ദിനം. പാര്‍ട്ടി പതാക അവതരിപ്പിക്കുന്ന ദിവസം. തമിഴ്‌നാടിന്‍റെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കും. നമ്മുടെ പാര്‍ട്ടി ആസ്ഥാനത്ത്, നമ്മുടെ സംസ്ഥാനത്തിന്‍റെ പ്രതീകമായി മാറുന്ന വിജയ പതാക ഉയർത്തുകയും, പാർട്ടി പതാക ഗാനം ആലപിക്കുകയും ചെയ്യുന്നതായി അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ പതാക രാജ്യമെമ്പാടും പറക്കും. ഇനി മുതൽ തമിഴ്‌നാട് നന്നാവും. വിജയം സുനിശ്ചിതമാണ്.’ എന്നായിരുന്നു വിജയുടെ പ്രസ്താവന.