പരാധീനതകള്‍ക്ക് നടുവില്‍ കെ.എസ്.ഇ.ബി പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസ്
പരാധീനതകള്‍ക്ക് നടുവില്‍ പ്രതിസന്ധികളെ അതിജീവിച്ചാണ് കെ.എസ്.ഇ.ബി പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം.
കാലപ്പഴക്കം മൂലം ജീർണ്ണിച്ച കെട്ടിടത്തിനുള്ളില്‍ ഭയപ്പാടോടെയാണ് ഇവിടുത്തെ ജീവനക്കാർ ജോലി ചെയ്യുന്നത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ എല്ലാം അടർന്നു വീഴുന്നുണ്ട്. ചില ഭാഗത്ത് കോണ്‍ക്രീറ്റ് കമ്ബികള്‍ തെളിഞ്ഞു നില്‍ക്കുകയാണ്. ചോർച്ചയും ഉണ്ട്. ജനലുകളും വാതിലുകളും എല്ലാം കാലപ്പഴക്കത്താല്‍ നാശത്തിന്റെ വക്കിലാണ് .ഇതുകൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇവിടെയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർ ഉള്ള ഇവിടെ സൗകര്യപ്രദമായ ഒരു ടോയ്ലറ്റ് പോലുമില്ല.
ഇതുകൂടാതെ മറ്റൊരു പ്രധാന പ്രതിസന്ധി പോത്തുപാറ സെക്ഷൻ ഓഫീസിലെ കീഴിലെ വലിയ വിസ്തൃതമായ ഏരിയയാണ്. വണ്ടിപ്പെരിയാർ 56ആംമൈല്‍ മുതല്‍ വാഗമണ്‍ പുള്ളിക്കാനം ഇടുക്കുപാറ വരെയാണ് സെക്ഷൻ ഓഫീസിന്റെ വിസ്തൃതി. നിലവില്‍ 20000 ഉപഭോക്താക്കളാണ് ഇതിന് കീഴിലുള്ളത്. ഒരു സെക്ഷൻ ഓഫീസിന് കീഴില്‍ പരമാവധി10000ഉപഭോക്താക്കള്‍ എന്ന വിധമാണ് കണക്ക്. 240 സ്‌ക്വയർ കിലോമീറ്റർ ആണ് ഈ സെക്ഷൻ ഓഫീസിന് കീഴിലെ ചുറ്റളവ്. 60. 75 സ്‌ക്വയർ കിലോമീറ്റർ ചുറ്റളമാണ് സാധാരണ സെക്ഷൻ ഓഫീസുകള്‍ ഉള്ളത് .സമീപത്തെ മറ്റു പല സെക്ഷൻ ഓഫീസുകളും വർഷങ്ങള്‍ക്കു മുമ്ബേ വിഭജിച്ചിട്ടും പോത്തുപാറ സെക്ഷൻ ഓഫീസിന്റെ വിഭജനം ഇതുവരെയും നടപ്പിലായിട്ടില്ല. വാഗമണ്ണില്‍ താല്‍ക്കാലികമായി സബ് ഓഫീസ് തുടങ്ങിയെങ്കിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.ഇത്രയും വലിയ വിസ്തൃതിയുള്ളതുമൂലം വൈദ്യുതി തകരാറുകള്‍ കൃത്യമായ സമയത്ത് പരിഹരിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട് .സാധാരണ ഒരു സെക്ഷൻ ഓഫീസില്‍ വേണ്ട ജീവനക്കാർ മാത്രമാണ് ഇവിടെ ഉള്ളത് എന്നാല്‍ ഇരട്ടിയിലധികം ഏരിയ വലിയ പ്രതിസന്ധിയാണ് ഇവർക്ക് ഉണ്ടാക്കുന്നത്.
=1972 ഏപ്രില്‍ 27ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എൻ ഗോവിന്ദൻ നായരാണ് പോത്തുപാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത് .അതിനു ശേഷം ഇന്നുവരെ ഈ കെട്ടിടത്തില്‍ യാതൊരുവിധ വാർഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല .വർഷങ്ങള്‍ പിന്നിട്ടതോടെ ഈ കെട്ടിടം നിലവില്‍ ജീർണാവസ്ഥയിലാണ്.
ക്വാർട്ടേഴ്സുകളും കാലഹരണപ്പെട്ടു
ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകളും കാലഹരണപ്പെട്ട നാശത്തിന്റെ വക്കിലാണ് .മിക്ക ജീവനക്കാരും പുറത്ത് വടകയ്ക്ക് മുറിയെടുത്താണ് താമസിക്കുന്നത്. ചില ആളുകള്‍ സ്വന്തമായി പണം മുടക്കി ക്വാട്ടേഴ്സിന്റെ അറ്റകുറ്റപ്പണി നടത്തുകയാണ് ചെയ്യുന്നത്. കെട്ടിടത്തിന്റെ വയറിങ്ങുകള്‍ ഉള്‍പ്പടെ നാശത്തിന്റെ വക്കിലാണ് .