‘പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം’: ജോൺ എബ്രഹാം
കൊൽക്കത്ത ബലാത്സംഗ കേസിൽ പ്രതികരിച്ച് ബോളിവുഡ് നടൻ ജോൺ എബ്രഹാം. ആൺകുട്ടികളുടെ രക്ഷാകർത്താക്കൾ അവരെ സമൂഹത്തിൽ പെരുമാറാനും പെൺകുട്ടികളെ ബഹുമാനിക്കാനും പഠിപ്പിക്കണം എന്ന് നടൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നത്തെ കാലത്ത് രാജ്യത്തെ യുവാക്കൾക്ക് നടൻ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിച്ചപ്പോൾ, ‘ഞാൻ ആൺകുട്ടികളോട് നല്ല രീതിയിൽ പെരുമാറാൻ പറയും, അല്ലെങ്കിൽ അവർ വിവരം അറിയും’ എന്നും നടൻ പറഞ്ഞു. പെൺകുട്ടികളോട് തനിക്കൊന്നും പറയാൻ ഇല്ല കാരണം ലൈംഗികമായി അതിക്രമം നേരിടുന്നതിൽ അവർ തെറ്റ് ചെയ്യുന്നില്ലെന്നും ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും നടൻ പറഞ്ഞു.
നേരത്തെ രൺവീർ അലഹബാദിയയ്‌ക്കൊപ്പമുള്ള പോഡ്‌കാസ്റ്റിൽ സ്ത്രീകളും കുട്ടികളും മൃഗങ്ങളും ഇന്ത്യയിൽ സുരക്ഷിതരല്ല എന്ന് ജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. സങ്കടകരമാണ്, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പുരുഷന്മാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പശ്ചിമബംഗാളിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് നടന്റെ പ്രതികരണം. ഓഗസ്റ്റ് ഒൻപതിനായിരുന്നു പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തിൽ റോയ് എന്ന പ്രതി സെമിനാർ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയിരുന്നു. റോയിയെ ഓഗസ്റ്റ് പത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു റോയിയുടെ പ്രതികരണമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇയാൾ അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് സൈക്കോ അനലിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത്.