നാട്ടിലേക്ക് മടങ്ങാൻ തയാറെന്ന് പെൺകുട്ടി; 13കാരിയെ നാളെ കേരളത്തിലെത്തിക്കും
വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരിയെ നാളെ കേരളത്തിലെത്തിക്കും. കേരളാ പൊലീസ് സംഘം വിശാഖപട്ടണത്തെ ഗേൾസ് ഹോമിലെത്തി ഏറ്റെടുക്കലിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെന്ന് പെൺകുട്ടി പറഞ്ഞതായി കഴക്കൂട്ടം എസ്ഐ പറഞ്ഞു
വൈകീട്ട് എട്ട് മണിയോടെയാണ് കഴക്കൂട്ടത്ത് നിന്നുള്ള പൊലീസ് സംഘം വിശാഖ പട്ടണത്തെ ഗേൾസ് ഹോമിലേക്ക് എത്തിയത്. എസ്ഐയും ഒരു വനിതാ പൊലീസുമാണ് കേരളാ സമാജം പ്രവർത്തകരോടൊപ്പം പെൺകുട്ടിയെ നേരിൽ കണ്ടത്. മടങ്ങിപ്പോവാൻ തയ്യാറെന്ന് കുട്ടി പറഞ്ഞതായി എസ് ഐ പറഞ്ഞു.
പെൺകുട്ടിയെ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇന്ന് കുട്ടി ഗേൾസ് ഹോമിൽ തന്നെ തുടരും. നാളെ ഉച്ചയ്ക്ക് മുൻപ് കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കും. നിലവിൽ വിശാഖപട്ടണത്തെ ചൈൽഡ് കെയർ സെന്ററിൽ കഴിയുന്ന കുട്ടിയുടെ മൊഴി CWCയും രേഖപ്പെടുത്തി.പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷമായിരിക്കും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക.
എന്തിന് വീട് വിട്ടിറങ്ങിയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും പതിമൂന്നുകാരിയെ മാതാപിതാക്കൾക്ക് ഒപ്പം വിടണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കുക.