കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60-ൽ 19 സർവ്വേ നമ്പരിൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റിക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സർക്കാരിൻ്റെ ഗൂഢനീക്കത്തെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന കുടുംബങ്ങൾ 2012 മുതൽ പട്ടയത്തിന് സമർപ്പിച്ചിട്ടുള്ള പട്ടയ അപേക്ഷകൾ പരിഗണിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം അവരെ ഇറക്കിവിടുന്നതിന് ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഈ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന സർവ്വേ നമ്പർ 16,20,21 എന്നീ നമ്പറുകളിൽപെട്ടവർക്ക് പട്ടയംനൽകുകയും സർവേ നമ്പർ 19 ൽ പെട്ടവർക്ക് പട്ടയം നിഷേധിക്കുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. പാവപ്പെട്ടവർക്ക് PMA പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിക്കുന്നത്തിന് നഗരസഭ പണം അനുവദിച്ചിട്ടും കൈവശ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം അവർക്ക് വീട് നഷ്ടമായി. എല്ലാ കുടുംബങ്ങൾക്കും നഗരസഭയിലെ വീട്ടുനമ്പർ, വൈദ്യുതി കണക്ഷൻ, ആധാർ കാർഡ്, വോട്ടേഴ്സ് ലിസ്റ്റിൽ പേര് എന്നിവ എല്ലാം ഉള്ളവരാണ്. ഇപ്പോൾ ഭൂമിയിൽ പ്രവേശിക്കരുതെന്നാണ് റവന്യൂ വകുപ്പ് പറയുന്നതെങ്കിൽ വരുംദിവസങ്ങളിൽ വനമായി പ്രഖ്യാപിച്ചു വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുവാൻ റവന്യൂ അധികാരികൾ വൈദ്യുതി ബോർഡിനോട് ആവശ്യപ്പെടും. ചിന്നക്കനാലിൽ റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി നടത്തിയ ഗൂഢനീക്കത്തിന് തുല്യമായ നീക്കമാണ് കട്ടപ്പനയിലും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കുടുംബങ്ങളെല്ലാം വർഷങ്ങളായി കല്യാണത്തണ്ടിലെ സ്ഥിര താമസക്കാരാണെന്ന് വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ ലിസ്റ്റിൽ നിന്നും വ്യക്തമാണ്. സർവ്വേ നമ്പർ 19 ൽ പെട്ട കുടുംബങ്ങളുടെ മേൽ ഉണ്ടായിട്ടുള്ള നടപടി 17,18 സർവ്വേ നമ്പർ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെമേലും മുണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ജനങ്ങളെ ശ്വാസം മുട്ടിച്ച് ഇറക്കി വിടാനുള്ള ഈ നീക്കങ്ങൾ യുഡിഎഫ് അനുവദിക്കുന്ന പ്രശ്നമില്ല. നിലനിൽപ്പിനു വേണ്ടി സർക്കാരിനെതിരെ ജനങ്ങൾ നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും യുഡിഎഫ് സമ്പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.