സർക്കാർ ക്ഷീര കർഷകർക്കൊപ്പം: മന്ത്രി ചിഞ്ചുറാണി
സർക്കാർ ക്ഷീരകർഷകർക്കൊപ്പമുണ്ടെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.മൂന്നാറിൽ ജില്ലാ ക്ഷീരകർഷക സംഗമത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പശുക്കളെ വാങ്ങുന്നതിന് കർഷകർക്ക് പലിശയില്ലാതെ ലോൺ ലഭ്യമാക്കുന്നതിനുളള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. കിടാരി പാർക്കുകൾ എല്ലാ ജില്ലകളിലും ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഇതിന് ഏകദേശം 57 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പ്, ഇടുക്കി ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ജില്ലാ ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത്.
ലക്ഷ്മി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളലായിരുന്നു രണ്ട് ദിവസത്തെ പരിപാടി.
ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും സംഗമം ചർച്ചെ ചെയ്തു. പുതിയ സംരഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ഷീരകർഷകർക്ക് അവബോധം നൽകുന്നതിനും ഈ ക്ഷീര കർഷക സംഗമം വേദിയായി.
ദേവികുളം എം.എൽ.എ അഡ്വ. എ. രാജ അദ്ധ്യക്ഷത വഹിച്ചു. , എം.എൽ.എ. മാരായ . എം.എം.മണി, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം ടി.ജയൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഇടുക്കിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് പ്രമുഖ സാമൂഹ്യ സാംസ്കാരിക സഹകരണ നേതാക്കൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ഷീരസംഗമത്തിൽ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ 8ന് ലക്ഷ്മി ക്ഷീരസഹകരണ സംഘം പരിസരത്ത് പതാക ഉയർത്തി. ഡയറി എക്സപൊ ഉദ്ഘാടനം മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ദീപ രാജ്കുമാർ നിർവ്വഹിച്ചു.ക്ഷീരസംഘത്തിൽ നിന്നും വിരമിച്ച ജീവനക്കാരെ ആദരിച്ചു.
ക്ഷീരസംഘം പ്രതിനിധികൾക്കുളള ശില്പശാല . ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ ദിലീപ് ഉദ്ഘാടനം ചെയ്തു.
ക്ഷീരസംഘം ജീവനക്കാരുടെ പെൻഷൻ പദ്ധതി വിശദീകരണം .കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് മാനേജർ എ വി മഞ്ജു അവതരിപ്പിച്ചു. മണിക്ക് ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ് ന്യൂനത പരിഹരണം സഹകരണ വകുപ്പ് ഓഡിറ്റർ എസ് സന്തോഷ് കുമാർ
അവതരിപ്പിച്ചു. തുടർന്ന് ക്ഷീരസംഘം ജീവനക്കാരേയും ഭരണസമിതി അംഗങ്ങളേയും ക്ഷീരകർഷകരേയും കുട്ടികളേയും ഉൾപ്പെടുത്തി കലാകായിക മത്സരങ്ങൾ നടന്നു.
ചൊവ്വാഴ്ച “ക്ഷീരോല്പാദനമേഖല – മാറ്റങ്ങൾ അനിവാര്യം” എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവ്വകലാശാല അസി.പ്രൊഫസർ ഡോ. എസ് ആർ. ശ്യാം സൂരജ് പ്രഭാഷണം നടത്തി .
ആഗസ്റ്റ് 11 മുതൽ സെപ്തംബർ 30 വരെയുളള 50 ദിവസങ്ങളിൽ മിൽമ സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും 10 രൂപ അധികമായി നൽകുമെന്ന് പൊതുസമ്മേളനത്തിൽ സംസാരിച്ച മിൽമ ചെയർമാൻ എം. ടി. ജയൻ അറിയിച്ചു.
പൊതുസമ്മേളനത്തിൽ ക്ഷീരലയം പദ്ധതിക്ക് സ്ഥലം അനുവദിച്ച കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയെ മന്ത്രി ആദരിച്ചു. തുടർന്ന് ക്ഷീരമേഖലക്ക് കൂടുതൽ തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകളെ ആദരിക്കൽ, ജില്ലയിലെ മികച്ച കർഷകരേയും ക്ഷീരസഹകരണ സംഘങ്ങളേയും ആദരിക്കൽ, 25 വർഷം പൂർത്തിയാക്കിയ സംഘം പ്രസിഡന്റുമാർക്കുളള ആദരം, വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു.
ജില്ലയിലെ മികച്ച ക്ഷീരകർഷകനായി ഇളംദേശം ബ്ലോക്കിലെ ഷൈൻ കെ. ബി. യെയും മികച്ച ക്ഷീരകർഷകയായി തൊടുപുഴ ബ്ലോക്കിലെ നിഷ ബെന്നിയേയും തിരഞ്ഞെടുത്തു.ജില്ലയിലെ കൂടുതൽ പാലളന്ന ക്ഷീരസഹകരണ സംഘം ആപ്കോസായി ചെല്ലാർകോവിൽ ക്ഷീരസഹകരണ സംഘത്തേയും നോൺ ആപ്കോസ് സംഘമായി ലക്ഷ്മി ക്ഷീര സംഘത്തേയും തിരഞ്ഞെടുത്തു. ഇവർക്കുള്ള പുരസകാര വിതരണവും നടത്തി. ജില്ലയിലെ ഇരുന്നൂറോളം സംഘങ്ങളിൽ നിന്നും ആയിരത്തി അഞ്ഞൂറോളം ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുത്തു.