വയനാട്ടിലെ ദുരിതബാധിതരായ സഹോദരങ്ങൾക്ക് കൈതാങ്ങാകുവാൻ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളും കൈകോർത്തു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന് സ്വരുക്കൂട്ടിയ
1, 21, 671 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കുവാൻ ജില്ലാ കളക്ടർക്കു കൈമാറി.
കൂട്ടി വച്ച ചെറുസമ്പാദ്യമടങ്ങിയ പെട്ടികളുമായി സ്കൂളിലെത്തിയ കൊച്ചു കൂട്ടുകാർ തങ്ങളുടെ അധ്യാപകരോട് ആവശ്യപ്പെട്ടത് ഇത് വയനാട്ടിലെ ദുരിതബാധിതർക്കു നല്കുവാനായിരുന്നു. കുടുക്കയിൽ നിക്ഷേപമില്ലെങ്കിലും തങ്ങളാൽ കഴിയുന്ന ചെറിയ തുകകൾ എത്തിച്ചാൽ വയനാടുകാർക്കു നല്കുമോയെന്നു ചോദിച്ച് കൂടുതൽ കുട്ടികളെത്തിയപ്പോഴാണ് സ്കൂൾ ഒന്നാകെ വയനാടിനായി കൈകോർത്ത് ഒരു സഹായ നിധി രൂപീകരിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. ആഗ്രഹമുള്ളവർക്ക് ഇഷ്ടമുള്ള തുക രണ്ട് ദിവസങ്ങളിലായി കൊണ്ടുവന്ന് അതത് ക്ലാസ് അധ്യാപകരെ ഏൽപ്പിക്കാം എന്ന് അനുമതി നല്കിയതോടെ അധ്യാപകരെ പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ് കുട്ടികൾ സഹായഹസ്തവുമായെത്തിയത്.
ജന്മദിനാഘോഷം നടത്താൻ വേണ്ടി വച്ചിരുന്ന പണം നൽകിയ കുട്ടികൾ, സൈക്കിൾ മേടിക്കാൻ വച്ചിരുന്ന പണം നൽകിയ കുട്ടികൾ തുടങ്ങി ഒരു വീട്ടിൽ നിന്നും രക്ഷിതാക്കളുടെ വകയും കുട്ടികളുടെ വകയുമായും പ്രത്യേകം പ്രത്യേകം സഹായങ്ങൾ ഉണ്ടായി.എസ് പി സി കേഡറ്റുകൾ സമാഹരിച്ച 10000രൂപ തങ്കമണി എസ് എച്ച് ഒ ശരത്കുമാർ മുഖേന സ്കൂളധികൃതരെ ഏൽപ്പിച്ചു. കുട്ടികളുടെ പ്രവർത്തനത്തിന് പിന്തുണയേകി അധ്യാപകരും, അനധ്യാപകരും പി ടി എ, എസ്എംസി എന്നിവരെല്ലാം സമാഹരണത്തിൽ പങ്കാളികളായതോടെ 1,21, 671 രൂപയാണ് ലഭിച്ചത്. സ്കൂളധികൃതരും കുട്ടികളും ചേർന്ന് കളക്ട്രേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്നതിനായി ജില്ലാ കളക്ടർ വി.വിഘ്നേശ്വരിക്ക് കൈമാറി.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ നേരിടാൻ നാടൊന്നാകെ ഒരുമിക്കുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്.
സഹായ മനസ്കതയും സേവന മനോഭാവവും ഊട്ടിയുറപ്പിച്ച്
തങ്ങൾക്ക് പറ്റുന്ന രീതിയിൽ ഈ ഉദ്യമത്തിൽ പങ്കാളികളായതിൻ്റെ സന്തോഷത്തിലാണ് ഗാന്ധിജി സ്കൂളിൻ്റെ കുടുംബാംഗങ്ങൾ….
ചിത്രം
സ്കൂൾ എച്ച് എം ഉഷ കെ എസ് ജില്ലാ കളക്ടർക്കു തുക കൈമാറുന്നു.