റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്
റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ ഭവന വാഹന വായ്പകളെടുത്തവരുടെ തിരിച്ചടവിൽ തത് സ്ഥിതി തുടരും. അതേസമയം യുപിഐ വഴി നികുതി അടയ്ക്കാനുള്ള പരിധി അഞ്ച് ലക്ഷമായി ഉയർത്തി.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. തുടർച്ചയായി ഒമ്പതാം തവണയും പലിശ നിരക്ക് മാറ്റാതെ ആർബിഐ. വിലക്കയറ്റം നിയന്ത്രണത്തിലെങ്കിലും നാലു ശതമാനത്തിലേക്ക് എത്തിക്കാനാവാത്തതാണ് തീരുമാനത്തിൽ പ്രതിഫലിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾക്കുണ്ടായ വിലക്കയറ്റമാണ് ഉപഭോക്തൃ വിലക്കയറ്റം 5 ശതമാനത്ത് മുകളിലേക്ക് ഉയർത്തിയത്. നടപ്പ് സാമ്പത്തിക വർഷം അത് 4.5 ശതമാനത്തിലേക്ക് കുറയുമെന്നാണ് അനുമാനം. ജിഡിപി വളർച്ച അനുമാനം ഈ സാമ്പത്തിക വർഷത്തിൽ 7.2 ശതമാനത്തിൽ നിലനിർത്തി.
ഇന്ത്യയുടെ ആഭ്യന്തര വിപണി ശക്തമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഒപ്പം വിദേശ നാണ്യ ശേഖരം റെക്കോർഡ് ഉയരത്തിലെത്തിയെന്നും അദ്ദേഹം അറിയിച്ചു. 675 ബില്യൺ ഡോളറാണ് വിദേശ നാണ്യ ശേഖരം. യുപിഎ വഴി നികുതി അടയ്ക്കാനുള്ള പരിധി നേരത്തെ ഒരു ലക്ഷമായിരുന്നത് 5 ലക്ഷമായി ഉയർത്തിയതായും ആർബിഐ ഗവർണർ അറിയിച്ചു. ഒപ്പം ഡിജിറ്റൽ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനുള്ള നടപടിയും അദ്ദേഹം വിശദീകരിച്ചു. മേൽനോട്ടം ഉറപ്പാക്കാൻ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളുടേയും ഇടപാടുകളുടേയും വിവരങ്ങൾ ആർബിഐയ്ക്ക് കൈമാറണമെന്നാണ് നിർദേശം.