പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ എത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു; ദുരന്ത മേഖലകൾ സന്ദർശിക്കും
വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച എത്തും. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ചീഫ് സെക്രട്ടറിക്കും പ്രോട്ടോകോൾ വിഭാഗത്തിനും ആണ് അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെയാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
കണ്ണൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും വയനാട്ടിലേക്ക് എത്തുക. ഏതൊക്കെ സ്ഥലങ്ങളിൽ സന്ദർശനം നടത്തുമെന്ന കാര്യം
എസ് പി ജി സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തീരുമാനിക്കും.
പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഉപയോഗിച്ച സാധനങ്ങൾ സഹായം എന്ന പേരിൽ വയനാട്ടിലേക്ക് അയക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആവശ്യത്തിനുള്ള സാധനങ്ങൾ വയനാട്ടിലുണ്ട്. എന്തെങ്കിലും വേണമെങ്കിൽ ജില്ലാ ഭരണകൂടം അറിയിക്കും. വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ആ ഘട്ടത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.