വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു: ജോ ബൈഡൻ
വയനാട്, മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ താനും പങ്കാളി ജില്ലും പങ്കുചേരുന്നുവെന്നും ദുരന്തം നേരിട്ടവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഈ വിഷമഘട്ടത്തില്‍ അമേരിക്കയുണ്ടാകുമെന്നും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയില്‍ അദ്ദേഹം വ്യാക്താമക്കി.
അതേസമയം, ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 296 ആയി. മുണ്ടക്കൈയിലും ഇന്ന് രക്ഷാപ്രവർത്തനം നടത്തും. ചാലിയാർ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും. പരിശോധനയിൽ നേവിയും വനംവകുപ്പും കോസ്റ്റ് ഗാർഡും ഭാഗമാകും. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. 40 ടീമുകൾ ആറ് സെക്ടറുകളായാണ് ഇന്ന് വിവിധയിടങ്ങളിൽ പരിശോധന നടത്തുക.
107 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 105 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,300ൽ അധികം ആളുകളാണ് കഴിയുന്നത്. ഇതിനിടെ മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് മഴ ശക്തമാകുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുമോ എന്ന് ആശങ്കയും നിലവിലുണ്ട്.