ജാഗ്രത വേണം, മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴിടത്ത് ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
പ്രതികൂല കാലാവസ്ഥയും പ്രശ്നങ്ങളും കാരണം ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. വള്ളത്തോൾ നഗറിനും – വടക്കാഞ്ചേരിക്കും ഇടയിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിൻ നമ്പർ – 16305 – എറണാകുളം കണ്ണൂർ ഇൻറർസിറ്റി തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ട്രെയിൻ നമ്പർ 16791 – തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. ട്രെയിൽ നമ്പർ – 16302 തിരുവനന്തപുരം ഷോർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.
ഭൂതത്താൻ കെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും മുൻകരുതലായി തുറന്ന് വച്ചിരിക്കുകയാണ്. പുഴയിലെ ചെളിയുടെ തോത് 100 എൻടിയു പിന്നിട്ടു. ടർബിഡിറ്റി ഉയർന്നാൽ ആലുവ ജല ശുദ്ധീകരണ ശലയിൽ നിന്നുള്ള പമ്പിങ്ങ് കുറയ്ക്കും. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. സമുദ്ര നിരപ്പിൽ നിന്ന് ജലവിതാനം മൂന്നര മീറ്ററായി ഉയർന്നു. ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂര വരെ വെള്ളമെത്തി. 2019-ന് ശേഷം ഇതാദ്യമായാണ് ഇത്രയും ജലനിരപ്പ് ഉയരുന്നത്. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി.
കനത്ത മഴയിൽ ഇടുക്കിയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ദേശീയപാത 85-ൽ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലും ഗതാഗത തടസപ്പെട്ടു. പള്ളിവാസിലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിൽ പെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി.