കേന്ദ്രസർക്കാർ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നു-മന്ത്രി
പീരുമേട് : സെൻട്രൽ ആക്ടിലൂടെ കേന്ദ്രസർക്കാർ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നതായി മന്ത്രി വി.എൻ.വാസവൻ. പീരുമേട് കാർഷിക വികസനബാങ്ക് പീരുമേട് താലൂക്കാശുപത്രിക്ക് വാങ്ങിനൽകിയ ഐ.സി.യു. വെൻറിലേറ്ററിന്റെ കൈമാറ്റയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യൂജനറേഷൻ ബാങ്കുകളെക്കാൾ മെച്ചപ്പെട്ട സൗകര്യം കേരള ബാങ്കുകളിൽ ഒരുക്കുമെന്നും സഹകരണ പ്രസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂന്നാംവ്യാപനം മുൻനിർത്തിയാണ് എട്ടുലക്ഷം രൂപ ചെലവഴിച്ച് ബാങ്ക് ഐ.സി.യു. വെൻറിലേറ്റർ താലൂക്കാശുപത്രിക്ക് വാങ്ങിനൽകിയത്. ആശുപത്രി ജീവനക്കാർക്ക് തിയേറ്റർ യൂണിഫോമും വിതരണം ചെയ്തു. ഓൺലൈനായിനടന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇടുക്കി ഡി.എം.ഒ. എൻ.പ്രിയ യൂണിഫോം വിതരണം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എൻ.നൗഷാദ്, പീരുമേട് പഞ്ചായത്ത് പ്രസിഡൻറ് എസ്.സാബു, ജില്ലാപഞ്ചായത്തംഗം കെ.ടി.ബിനു, ഡി.പി.എം. ഡോ. സുജിത്ത്, സുനിൽകുമാർ, റൈനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.