ധനസഹായ അഭ്യർത്ഥനയുമായി വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് 67 കാരനായ വയോധികൻ
ധനസഹായ അഭ്യർത്ഥനയുമായി വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് 67 കാരനായ വയോധികൻ. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയ സാഹചര്യത്തിലാണ് അയ്യപ്പൻകോവിൽ സ്വദേശി പി പി തോമസ് ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് സ്ഥാപനങ്ങളിൽ എത്തുന്നത്.
അയ്യപ്പൻകോവിൽ പുത്തൻവീട്ടിൽ പി പി തോമസാണ് പെൻഷൻ മുടങ്ങിയതോടെ പ്രതിഷേധ സൂചകമായി തെരുവിലിറങ്ങി ധനസഹായം അഭ്യർത്ഥിക്കുന്നത്.
ഏഴുവർഷം മുമ്പ് വീണതിനെ തുടർന്ന് നട്ടെല്ലിന് സംഭവിച്ച ക്ഷദമാണ് അയ്യപ്പൻകോവിൽ പുത്തൻവീട്ടിൽ പി പി തോമസിന്റെ ജീവിതം വഴിമുട്ടിച്ചത്. ഇതോടെ അന്നുമുതൽ ജോലിക്ക് പോകാൻ സാധിക്കാതെ വന്നു. പിന്നീട് ചികിത്സ ചിലവിനായി ആകെയുണ്ടായിരുന്ന ആശ്രയം കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മാത്രമായിരുന്നു. മുൻപ് മുടക്കം ഇല്ലാതെ ലഭിച്ചിരുന്ന പെൻഷൻ 13 മാസമായി മുടങ്ങിയിരിക്കുകയാണ്. വിഷയത്തിൽ നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധം എന്നോണം വ്യാപാരസ്ഥാപനങ്ങളിൽ 67 കാരനായ തോമസ് ഇപ്പോൾ ചികിത്സ ധനസഹായം അഭ്യർത്ഥിച്ച് കയറി ഇറങ്ങുന്നത്.
800 രൂപയുടെ മരുന്നാണ് തോമസിന് ഒരാഴ്ചയിൽ വേണ്ടത്. മാസം ലഭിച്ചിരുന്ന 1600 രൂപ പെൻഷൻ ദൈനംദിന ജീവിതത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ പെൻഷൻ മുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ് ഈ വയോധികൻ.
നിരവധി ആനുകൂല്യങ്ങൾക്ക് അർഹനായ തോമസിന് അവയൊന്നും ലഭിക്കുന്നിമില്ല. ഇതിനെതിരെ പരാതിയുമായി വിവിധ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോഴും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നും തോമസ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പ്രതിസന്ധി വെളിപ്പെടുത്തി ഓരോ വ്യാപാര സ്ഥാപനങ്ങളിലും ധനസഹായം അഭ്യർത്ഥിക്കുന്നത്. സർക്കാരിനും നീതി നടപ്പിലാക്കാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കുമെതിരെ ഉള്ള പ്രതിഷേധം ആണെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുകയാണിപ്പോൾ ചികിത്സിക്കായി ഉപകരിക്കപ്പെടുന്നത്. പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകുന്നവരെ ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് തെരുവിൽ ഇറങ്ങും എന്നാണ് തോമസ് പറയുന്നത്.