ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപ തട്ടി; വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ
കട്ടപ്പന ∙ ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയ കേസിൽപെട്ട് വിദേശത്തേക്കു കടന്ന അഞ്ചാം പ്രതി തലശ്ശേരി പുതിയമാളിയേക്കൽ മുഹമ്മദ് ഓനാസിസിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശികളിൽ നിന്നടക്കം പണം തട്ടിയതിന് ധർമടം ഉൾപ്പെടെ 5 സ്‌റ്റേഷനുകളിലാണ് കേസുള്ളത്.2019ൽ ആണ് തട്ടിപ്പ് അരങ്ങേറിയത്. കട്ടപ്പന പൂതക്കുഴി ലിയോ മുഖേന ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേരിൽ നിന്ന് ആറംഗ സംഘം പണം തട്ടിയെടുത്തെന്നാണ് കേസ്.
ആകെ ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശികൾ നൽകിയ പരാതിയിൽ, കേസിലെ ഒന്നാം പ്രതിയായ ചേർത്തല സ്വദേശിനി വിദ്യ പയസിനെ മുൻപ് ബെംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു 2 പേർ കൂടി മുൻപ് പിടിയിലായിട്ടുണ്ട്.വിദേശത്തേക്കു കടന്ന മുഹമ്മദിനെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ദുബായിൽ നിന്ന് പഞ്ചാബിലെ ജലന്തറിൽ എത്തിയ പ്രതിയെ ജലന്തർ പൊലീസ് പിടികൂടി കേരളത്തിൽ എത്തിക്കുകയായിരുന്നു. കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസണിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്‌ഐമാരായ സാബു തോമസ്, എം.പി.മോനച്ചൻ എന്നിവർ കണ്ണൂരിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്കയച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇനി 2 പേർ കൂടി പിടിയിലാകാനുണ്ട്.