ഇടുക്കിക്ക് 99.38% വിജയം; നെറ്റ്‌വർക്ക് കവറേജ് പ്രതിസന്ധിയോട് പടവെട്ടി നേടിയെടുത്തതു പുതുചരിത്രം
ഓൺലൈൻ ക്ലാസുകളെ വഴിമുട്ടിച്ച നെറ്റ്‌വർക്ക് കവറേജ് പ്രതിസന്ധിയോടും കോവിഡിനോടും പടവെട്ടി ജില്ലയിലെ എസ്എസ്എൽസി വിദ്യാർഥികൾ നേടിയെടുത്തതു പുതുചരിത്രം. ജില്ലയ്ക്കു 99.38 ശതമാനം വിജയം. 11,267 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 11,197 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 920 ആൺകുട്ടികളും 1865 പെൺകുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
തൊടുപുഴ ഉപജില്ലയിൽ 4904 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4872 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. കട്ടപ്പന ഉപജില്ലയിൽ 6363 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6325 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.പരീക്ഷ എഴുതിയവരിൽ 24.71 ശതമാനം വിദ്യാർഥികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 99.23 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം.
കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ജില്ല ഏഴാം സ്ഥാനത്തായിരുന്നു. ജില്ലയിലെ 123 സ്കൂളുകൾ നൂറു ശതമാനം ജയം നേടി.കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം വർധിപ്പിക്കാനായതു നേട്ടമായി. ഇത്തവണ എ പ്ലസുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 935 പേർ മാത്രമായിരുന്നു.
വിജയവഴി
(വർഷം, വിജയശതമാനം, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം (ബ്രാക്കറ്റിൽ) എന്ന ക്രമത്തിൽ
∙ 2015 – 98.3 (258)
∙ 2016 – 97.14 (453)
∙ 2017 – 96.9 (453)
∙ 2018 – 98.28 (756)
∙ 2019 – 99.23 (935)
∙ 2020 – 99.38 (2785)
തുടർപഠനം ബുദ്ധിമുട്ടാവില്ല
∙ എസ്എസ്എൽസി എന്ന കടമ്പ കടന്ന കുട്ടികൾക്കു ജില്ലയിൽ ഉപരിപഠനത്തിനു ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് വിലയിരുത്തൽ. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 12,000 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. ജില്ലയിൽ ഇത്തവണ 11,197 കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ തവണ 11394 പേർ യോഗ്യത നേടിയപ്പോഴും പല സ്കൂളുകളിലും പ്ലസ് വൺ സീറ്റുകൾ ബാക്കിയായിരുന്നു.
കണക്ക് കടുകട്ടി
∙ ജില്ലയിലെ വിദ്യാർഥികൾ ഏറ്റവും കുറവ് എ പ്ലസ് നേടിയ വിഷയം ഗണിതമാണ്. 11267 വിദ്യാർഥികളിൽ 4075 പേർ ഗണിതശാസ്ത്രത്തിൽ എ പ്ലസ് നേടി. ഇൻഫർമേഷൻ ടെക്നോളജിയാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിഷയം. 11,251 വിദ്യാർഥികൾ ഐടിയിൽ എ പ്ലസ് നേടി.