ടവര്‍ വാടകയായി ബിഎസ്എന്‍എലിന് ലഭിച്ചത് 1055 കോടി; കൂടുതലും ഉപയോഗിക്കുന്നത് ജിയോ
ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം രൂപ. 2023-24 സാമ്പത്തികവർഷത്തിൽ മാത്രം ഇത്തരത്തിൽ വാടകയ്ക്ക് നൽകിയതിലൂടെ 1055.80 കോടി രൂപ സ്വന്തമാക്കി. കഴിഞ്ഞ 14 വർഷത്തിനിടെ ഈയിനത്തിൽ കമ്പനി 8348.92 കോടി രൂപയോളം സ്വന്തമാക്കി എന്നാണ് കണക്കുകൾ പറയുന്നത്.
രാജ്യത്തിലുടനീളം 12,502 ടവറുകളാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികൾക്ക് വാടകയ്ക്കു നൽകിയിട്ടുള്ളത്. ഇതിൽ കൂടുതലും റിലയൻസിന്റെ ജിയോ ഇൻഫോകോമിനാണ്. 8408 ടവറുകളാണ് നിലവിൽ ജിയോയുടെ പക്കലുള്ളത്. എയർടെലിന് 2415 ടവറും വൊഡാഫോണിന് 1568 എണ്ണവും നൽകിയിട്ടുണ്ട്. സിഫി-86, സംസ്ഥാന പോലീസ്-ഒന്ന്, ഫിഷറീസ്-ആറ്, എംടിഎൻഎൽ-13, വിവാനെറ്റ്-അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവ. കേന്ദ്ര ടെലികോം സഹമന്ത്രി പിസി ശേഖർ ലോക്‌സഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
2010-11 സാമ്പത്തികവർഷം ടവർ വാടകയായി 30.73 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2013-14 സാമ്പത്തികവർഷമിത് 171.22 കോടിയായി. 2017-18 സാമ്പത്തികവർഷം മുതലാണ് ടവർ വാടകയിൽ കമ്പനിക്ക് വലിയ വരുമാനവർധന പ്രകടമായത്. 2016-17ലെ 488.26 കോടിയിൽനിന്ന് 784.87 കോടിയായി വരുമാനം കുതിച്ചു. ഒറ്റവർഷംകൊണ്ട് 300 കോടിക്കടുത്താണ് വർധന. തൊട്ടടുത്ത വർഷമിത് 997.82 കോടിയായും 2019-20ൽ 1007.86 കോടിയായും കൂടി.