പാരിസ് ഒളിംപിക്സ് ബോക്സിങ്; ഇന്ത്യൻ താരങ്ങൾക്ക് തുടക്കത്തിൽ തന്നെ അഗ്നിപരീക്ഷ
പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ബോക്‌സിങ് മെഡൽ പ്രതീക്ഷകളായ നിഖാത് സറീനും ലോവ്‌ലിന ബോർഗോഹെയ്‌നും നേരിടാനുള്ളത് കടുത്ത എതിരാളികൾ. നറുക്കെടുപ്പിലൂടെ തീരുമാനിച്ച ഫിക്സ്ച്ചർ പ്രകാരം വനിതകളുടെ 50 കിലോ ബോക്സിങ് മത്സരത്തിൽ നിഖത് ആദ്യ മത്സരത്തിൽ ജർമ്മനിയുടെ മാക്‌സി കരീന ക്ലോറ്റ്‌സറിനെ നേരിടും. രണ്ട് തവണ ലോകചാമ്പ്യനായ ഇന്ത്യൻ താരം അടുത്ത റൗണ്ടിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ചൈനയുടെ വു യുവിനെയാവും നേരിടേണ്ടി വരിക. ഈ മത്സരം മെഡലിലേക്കുള്ള യാത്രയിൽ നിർണ്ണായകമാകും.
നിഖാത് സറീനെ പോലെ തന്നെ മെഡലിലേക്ക് അടുക്കാനുള്ള ലോവ്‌ലിനയുടെ വഴിയും എളുപ്പമാകില്ല. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ നോർവേയുടെ സുന്നിവ ഹോഫ്‌സ്റ്റാഡിനെതിരെയാണ് ലോവ്‌ലിനയുടെ ആദ്യ പോരാട്ടം. ഈ മത്സരത്തിൽ വിജയിച്ചാൽ ക്വാർട്ടർ ഫൈനലിൽ ശക്തമാരായ ചൈനയുടെ ലി ക്വിയാനുമായുവിനെയായിരിക്കും താരത്തിന് നേരിടേണ്ടി വരിക. ടോക്കിയോ ഒളിമ്പിക്‌സ് 2020 വെങ്കല മെഡൽ ജേതാവ് കൂടിയാണ് ലോവ്‌ലിന.
പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ അമിത് പംഗലും ,71 കിലോഗ്രാം വിഭാഗത്തിൽ നിശാന്ത് ദേവും നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. അമിത് പംഗൽ സാംബിയയുടെ പാട്രിക് ചിൻയെംബയെയും നിശാന്ത് ദേവ് ഇക്വഡോറിൻ്റെ ജോസ് റോഡ്രിഗസിനേയും നേരിടും. ജൂലൈ 27 ന് അരീന പാരീസ് നോർഡിൽ നടക്കുന്ന പ്രാഥമിക റൗണ്ടുകളോട് കൂടിയാണ് ബോക്‌സിങ് മത്സരങ്ങൾ ആരംഭിക്കുക.