ഒരിക്കൽ വെള്ളത്തിലിറങ്ങാൻ ഭയപ്പെട്ടു; ഇപ്പോൾ ഒളിംപിക്സ് വേദിയിൽ ഇന്ത്യയുടെ പ്രായം കുറഞ്ഞ നീന്തൽ താരം
പാരിസ്: പാരിസ് ഒളിംപിക്സ് നീന്തലില്‍ ഇന്ത്യയ്ക്കായി മത്സരിക്കാനൊരുങ്ങുകയാണ് 14കാരിയായ ദിനിധി ദേശിംഗു. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ദിനിധിയാണ്. എന്നാല്‍ കുട്ടിക്കാലത്ത് നീന്തല്‍കുളത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്ന താരമാണ് ദിനിധി. ഇക്കാര്യം താരം തന്നെ വ്യക്തമാക്കുന്നു.
കുട്ടിക്കാലത്ത് താന്‍ വെള്ളത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. നീന്താനോ ഒരു വെള്ളത്തില്‍ ചവിട്ടാനോ താന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് തനിക്ക് ആറ് വയസായിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കളാണ് തനിക്ക് സ്വിമ്മിംഗ്പൂളില്‍ ഇറങ്ങാന്‍ ധൈര്യം നല്‍കിയത്. ആരോടും അധികം ഇടപഴകാതെയും സംസാരിക്കാതെയുമിരുന്ന തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ വേണ്ടിയാണ് മാതാപിതാക്കള്‍ തന്നെ സ്വിമ്മിംഗ് പൂളിലേക്ക് അയച്ചതെന്നും ദിനിധി പറഞ്ഞു.
പാരിസില്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ദിനിധി മത്സരിക്കുന്നത്. ദേശീയ ഗെയിംസില്‍ ഇതിനോടകം താരം ഏഴ് സ്വര്‍ണം സ്വന്തമാക്കി റെക്കോർഡ് നേട്ടത്തിലാണ് താരം. 2022ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ഒളിംപിക്സിലൂടെ രാജ്യത്തിന് അഭിമാനമാകുകയാണ് താരത്തിന്റെ ലക്ഷ്യം.