ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി മന്ത്രിപദം: എ.കെ. ശശീന്ദ്രന് റെക്കോർഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി മന്ത്രിയാണ്. പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ 24 നോട് പറഞ്ഞു.
രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ബേബി ജോൺ, കെ.അവുക്കാദർകുട്ടി നഹ, എൻ.കെ.ബാലകൃഷ്ണൻ (മൂവരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമായി ഇന്നു (2024 ജൂലൈ 23) ശശീന്ദ്രൻ.
2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ.
മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിക്കുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ (2016 മേയ് 25 മുതൽ ഇന്നുവരെ 2981 ദിവസം) ആണ് ഒന്നാമൻ. മുഖ്യമന്ത്രി സി. അച്യുതമേനോൻ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) ശശീന്ദ്രനോടൊപ്പം രണ്ടാമൻ.