എം.സി എച്ചില്‍ എത്തിച്ചിട്ടുള്ള പരിശോധനാ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് മുന്‍ഗണന:ജില്ലാ കളക്ടർ
ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുള്ള ആധുനിക പരിശോധനാ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.
ജില്ലാ കലക്ടറായി ചുമതല ഏറ്റശേഷം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ പത്തരയ്ക്ക് മെഡിക്കല്‍ കോളേജിലെത്തിയ ജില്ലാ കലക്ടറെ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ റഷീദ് എം. എച്ച്, ആര്‍ എം ഒ ഡോ. എസ്. അരുണ്‍, ജനറല്‍ ഫിസിഷ്യന്‍ ഡോ. വി. ദീപേഷ്, ഡി പി എം ഡോ. സുജിത് സുകുമാരന്‍, പി.ആര്‍.ഒ മറീന ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക്, വിവിധ വകുപ്പുകള്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെല്ലാം രണ്ടു മണിക്കൂറോളം നടന്ന് കണ്ട് സ്ഥിതിഗതി മനസ്സിലാക്കി.
ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.