അർഹതയുടെ അംഗീകാരമായി യുഎസ്എ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് തേടിയെത്തിയതിലുള്ള സന്തോഷത്തിലാണ് പച്ചടി ശ്രീനാരായണ എൽപി സ്ക്കൂൾ
സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ 550 ഓളം പുസ്തകങ്ങൾ വായന ദിനത്തിൽ സ്കൂൾ ലൈബ്രറിയ്ക്ക് കൈമാറിയിരുന്നു. ഇത് യുഎസ്എ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് നേട്ടത്തിലേയ്ക്ക് എത്തിക്കുവാൻ കാരണമായി. ആദ്യമായി 2018-19 വർഷത്തിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങളിലെ കഥ, കവിത, വിവരണം, പഴഞ്ചൊല്ലുകൾ എന്നിവയുടെ മാതൃകയിൽ രചനകൾ സൃഷ്ടിക്കുവാൻ കുട്ടികളോട് തന്നെ ആവശ്യപ്പെട്ടു.
ഓരോരുത്തരും സ്വന്തമായി തയ്യാറാക്കണമെന്നും ആരുടേയും സഹായം തേടാൻ പാടില്ലായെന്നുമുള്ള സ്നേഹപൂർവ്വമായ പ്രത്യേക നിർദ്ദേശം പ്രഥമ അദ്ധ്യാപകനായ പി കെ ബിജു പുളിക്കലേടത്തും സഹ അദ്ധ്യാപകരും ചേർന്ന് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകി. കുട്ടികളുടെ രചന വൈഭവം തിരിച്ചറിഞ്ഞതോടെ തുടർവർഷങ്ങളിലും ഇത് തുടരണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ കേവിഡിനെ തുടർന്ന് പദ്ധതി നിന്നു പോകുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ വീണ്ടും മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി കൈയ്യെഴുത്ത് തയ്യാറാക്കുകയും ചെയ്തു. ഓരോരുതരുടേയും കൈയ്യെഴുത്ത് പ്രതി പുസ്തകമാക്കി അച്ചടിക്കുകയും ഒരു കോപ്പി വിദ്യാർത്ഥിക്കും മറ്റൊന്ന് സ്ക്കൂളിലും സൂക്ഷിച്ചു. ഇതരത്തിൽ രണ്ട് പ്രാവശ്യമായി പ്രസിദ്ധികരിച്ച 550 പുസ്കങ്ങളാണ് ഈ വായന ദിനത്തിൽ സ്ക്കൂൾ ലൈബ്രറിയ്ക്ക് കൈമാറിയത്.
ഇതാണ് റിക്കോർഡ് നേട്ടത്തിലേയ്ക്ക് വഴി തെളിച്ചത്. ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഉൾപ്പെടെയുള്ള ലോകോത്തര അവാർഡുകൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. അതുംകൂടി ലഭ്യമായാൽ സ്ക്കൂളിൻ്റെ നേട്ടത്തിന് ഇരട്ടി മധുരമാകും. ചെറുപ്രായത്തിൽ വളർത്തി കൊണ്ടുവരുന്ന കഴിവുകൾ ഭാവി കരുപിടിപ്പിക്കുന്നതിൽ നിർണ്ണായ പങ്ക് വഹിക്കുമെന്നും ഒരു കുട്ടിയെ പോലും മാറ്റി നിർത്താതെ എല്ലാവരേയും ഉൾപ്പെടുത്തി ഇത്തരത്തിൽ നല്ല പുതിയ എഴുത്തുകാരെ വാർത്തെടുക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ എഴുത്ത് ശീലങ്ങൾ സ്കൂളിൻ്റെ ഭാഗമായി നടത്തിവരുന്നതെന്ന് സ്ക്കൂൾ ഹെഡ്മാസ്റ്റർ പി കെ ബിജു പുളിക്കലേടത്ത് പറഞ്ഞു.