മൈക്രോസോഫ്റ്റ് സ്തംഭനം; ഡൽഹിയിൽ ഉൾപ്പടെ രാജ്യത്ത് വിമാനങ്ങൾ വൈകുന്നു
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സ്തംഭനം മൂലം രാജ്യത്തെ വിമാന സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. ഡൽഹി ഉൾപ്പടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വിമാനങ്ങൾ വൈകിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് വിമാനങ്ങൾ ഒരു മണിക്കൂർ വരെ വൈകുന്നതായാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
സംസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. രാവിലെ പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്.
അതേസമയം വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്നാണ് ക്രൗഡ്സ്ട്രൈക്ക് കമ്പനി വ്യക്തമാക്കുന്നത്. കമ്പനിയുടെ സെക്യൂരിറ്റി അപ്ഡേറ്റിൽ വന്ന പിഴവ് മൂലമാണ് തകരാർ സംഭവിച്ചത്. അത് പരിഹരിച്ചുവെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്സ്ട്രൈക്ക് വക്താക്കൾ അറിയിച്ചു.
ഇന്നലെയാണ് ബ്ലൂസ്ക്രീൻ ഓഫ് ഡെത്ത് ഉണ്ടായത്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെയായിരുന്നു സിസ്റ്റം പെട്ടെന്ന് ഷട്ഡൗൺ ആവുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്തിരുന്നത്. യു എസ് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്സ്ട്രൈക്ക്, സൈബർ സുരക്ഷാ മുൻനിർത്തി അത് പ്രതിരോധിക്കാനായി ഫാൽക്കൺ സ്യൂട്ടിന്റെ ഭാഗമായി അപ്ഡേറ്റ് നടത്തിയപ്പോഴാണ് മൈക്രോസോഫ്റ്റ് സ്തംഭിച്ചത്. ബാങ്കുകളുടെയും സർക്കാർ ഓഫീസ് സംവിധാനങ്ങളെ എല്ലാം ഈ അപ്ഡേറ്റ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.