ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്..
കേരള രാഷ്ട്രീയത്തിൽ കുഞ്ഞൂഞ്ഞ് എന്ന ഉമ്മൻചാണ്ടി ഇല്ലാതെ ഒരാണ്ട്.പുതുപ്പള്ളി എന്ന കൊച്ചുഗ്രാമത്തിൽനിന്നും ലോകം ആദരിക്കുന്ന ജനകീയ നേതാവായി വളർന്ന ഉമ്മൻചാണ്ടിയുടെ വേർപാടിന് ഇന്ന് ഒരു വർഷം തികയും. ലോകമെങ്ങുമുള്ള മലയാളികളുടെ മനസിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ഉമ്മൻചാണ്ടി ചരിത്രത്തിലേക്ക് മടങ്ങിയത് സമാനതകളില്ലാത്ത ജന സാഗരത്തിലൂടെ ആയിരുന്നു. നിയമസഭയിൽ തുടർച്ചയായി 53 വർഷം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചതിൻ്റെ ആരും തകർക്കാത്ത ചരിത്രം ജീവിതയാത്രയിൽ കുറിച്ച ഉമ്മൻചാണ്ടി അന്ത്യയാത്രയിലും ചരിത്രം സൃഷ്‌ടിച്ചാണ് മടങ്ങിയത്.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴി നീളെ കാത്തുനിന്ന ജനസഞ്ചയം കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമെന്ന് ചരിത്രം അടയാളപ്പെടുത്തി. എന്നും ആൾക്കൂട്ടത്തിനൊപ്പം ജീവിച്ച അദ്ദേഹത്തിന് ആൾക്കൂട്ടത്തിൽ അലിഞ്ഞ 36 മണിക്കൂർ നീണ്ട അന്ത്യയാത്ര കേരള മക്കൾ ഹൃദയം കൊണ്ട് എഴുതിയ യാത്രാമൊഴി ആയിരുന്നു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്നും 162 കിലോ മീറ്റർ ദൂരെ പുതുപ്പള്ളി വരെ 36 മണിക്കൂർ ദീർഘിച്ച മഹാവിലാപ യാത്ര അപൂർവങ്ങളിൽ അപൂർവമായി ചരിത്രത്തിൽ ഇടം നേടിയ പ്പോൾ മലയാളികളുടെ കണ്ണും കാതും ഒരൊറ്റ വ്യക്തിയിലേക്ക് മാത്രമായിരുന്ന ദിവസങ്ങളായിരുന്നു കടന്ന് പോയത്. പുതുപ്പള്ളി പള്ളിയിലെ കബറിടം വരെ ഒപ്പമെത്തിയ ജനലക്ഷങ്ങളെ അനാഥരാക്കി വിശുദ്ധിയുടെ വെൺമേഘങ്ങളിൽ മറഞ്ഞ ഉമ്മൻചാണ്ടിക്ക് അർഹിക്കുന്ന അംഗീകാരമായി കേരള ജനത നൽകിയ അന്ത്യയാത്ര.
തിരുവനന്തപുരം മുതൽ സമാനതകളില്ലാത്ത മനുഷ്യമതിലായി മാറിയ വഴിത്താര കോട്ടയത്തിന്റെ അതിർത്തി കടന്നപ്പോഴേക്കും മനുഷ്യക്കടലായി മാറി. പുതുപ്പള്ളിക്കവലയിൽ നിന്നും സൂചി കുത്താൻ ഇടമില്ലാത്തവിധം റോഡും പരിസരങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞ അവസാന മണിക്കൂറുകൾ കണ്ണ് നനയുന്ന വികാരനിർഭരമായ നൊമ്പരകാഴ്ചകളിലേക്കാണ് വഴിയൊരുക്കിയത്.
രാപകലുകൾ അറിയാതെ പ്രിയ നേതാവിനെ അവനസാനമായി ഒരു നോക്ക് കാണാൻ വിദൂര ദേശങ്ങളിൽനിന്നടക്കം എത്തിയ ജനലക്ഷങ്ങൾ പുതുപ്പള്ളിയെ ജനസാഗരമാക്കി. ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍..