കട്ടപ്പന ഗവണ്മെന്റ് കോളജിലെ ലാബുകള്‍ക്കായി5 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍
- തുക അനുവദിച്ചത് ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി
കട്ടപ്പന: ഗവ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ആധുനിക ലാബുകള്‍ സ്ഥാപിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
കെമിസ്ട്രി വിഭാഗത്തില്‍ റിസര്‍ച്ച് ലാബും അനുബന്ധ സൗകര്യങ്ങളും,ഫിസിക്‌സ് ലാബില്‍ സ്പെക്ടറോ സ്‌കോപ്പി ലാബ് ഉപകരണങ്ങള്‍, റിസര്‍ച്ച് ലാബ് സെറ്റിങ്,ബേസിക് അസ്ട്രോണോമിക്കല്‍ ഒബ്‌സര്‍വേറ്ററി ലാബ് ഉപകരണങ്ങള്‍,അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ലൈബ്രറി പുസ്തകങ്ങള്‍ ,ഫിസിക്‌സ് കെമിസ്ട്രി ലാബ് നവീകരണം, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഡേറ്റ അനലിറ്റിക്കല്‍ സെന്റര്‍ ,ഇംഗ്ലീഷ് വിഭാഗത്തിന്റെ ലാബ് നവീകരണം ,ജനറല്‍ ലൈബ്രറിയില്‍ ഡിജിറ്റല്‍ ലൈബ്രറിയും ഓണ്‍ലൈന്‍ പരീക്ഷ സൗകര്യം ഒരുക്കുക എന്നി പ്രവര്‍ത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
ആധുനിക ലാബുകള്‍ ക്രമീകരിക്കുന്നതോടെ വിവിധ വിഭാഗങ്ങളുടെ പഠന സൗകര്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കോളജില്‍ നാല് ബിരുദാനന്തര കോഴ്‌സുകളും ഏഴ് ബിരുദ കോഴ്‌സുകളിലുമായി 780 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടി വരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഹോസ്റ്റല്‍ സൗകര്യവും ഒരുക്കുവാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ ‘എ’ ഗ്രേഡ് അംഗീകാരമുള്ള കേളേജാണ് ഇത്. കോമേഴ്സ്, മലയാളം, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി (പിഎച്ച്ഡി) വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.