അഗ്നി പരീക്ഷണങ്ങളെ ആത്മീയതയിലൂടെ അതിജീവിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മൻചാണ്ടി എന്ന് സ്നേഹ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോയി വെട്ടിക്കുഴി. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇരുപതേക്കർ സ്നേഹാശ്രമത്തിൽ ട്രസ്റ്റ് സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയിൽ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരിക്കുമ്പോൾ സ്വന്തം നെറ്റിയിലേയ്ക്ക് കല്ലെറിഞ്ഞവർക്കെതിരെ കേസെടുക്കരുതെന്ന് പോലീസിന് നിർദ്ദേശം നൽകിയ സഹിഷ്ണുതയുടെ മഹനീയ സന്ദേശം രാഷ്ട്രീയ നേതൃത്വത്തിന് നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടപ്പോഴും സംസ്ഥാനത്തൊട്ടാകെ അപവാദ പ്രചാരണങ്ങൾ നടന്നപ്പോഴും ജയിക്കും എന്നും ദൈവം തന്നെ സംരക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ അന്വർത്ഥമാകുന്നതാണ് കേരള ജനത കണ്ടത്.
വേദനിക്കുന്ന പാവപ്പെട്ടവരോടും രോഗികളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അദ്ദേഹം കാണിച്ച കരുണയും ആർദ്രതയും കേരള ജനതയുടെ മനസ്സിൽ എന്നും മായാതെ നിലനിൽക്കും. അദ്ദേഹത്തിന്റെ മഹനീയ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ ദർശനങ്ങൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും എല്ലാവർഷവും പാവങ്ങളോടൊത്ത് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.
കൂട്ടായ്മയ്ക്ക് ട്രസ്റ്റ് ഭാരവാഹികളായ ജോർജ് തോമസ്, രാജേഷ് നാരായണൻ, ശ്രീജിത്ത് ഉണ്ണിത്താൻ, എം എ ഷെമീൽ, എം എം ജോസഫ്, സിബി കൊല്ലംകുടി, ആനി ജബ്ബാരാജ്, പി എം ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി, കൗൺസിലർമാരായ സിബി പാറപ്പായി, ലീലാമ്മ ബേബി, ഐബി മോൾ രാജൻ, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടിൽ, സോണിയ ജെയ്ബി എന്നിവർ അനുസ്മരണ സന്ദേശം നൽകി. സ്നേഹാശ്രമത്തിലെ സിസ്റ്റേഴ്സും സഹോദരങ്ങളും അഭ്യുദയകാംക്ഷികളും കൂട്ടായ്മയിൽ പങ്കെടുത്തു.