രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇടുക്കി ജില്ലയിലെ റവന്യൂ ഭൂമി റിസർവ് വനം ആക്കിക്കൊണ്ട് ഗവൺമെന്റ് ഇറക്കിയ നാല് വിജ്ഞാപനങ്ങൾ മുഖ്യമന്ത്രിയുടെ പോക്കറ്റിൽ മടക്കി വയ്പ്പിക്കുവാൻ എം.എം മണി എം എൽ എ യ്ക്ക് ധൈര്യമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
ചിന്നക്കനാലിലെ റവന്യൂ ഭൂമി വനഭൂമിയാക്കി മാറ്റിക്കൊണ്ട് ഇറക്കിയ സർക്കാർ വിജ്ഞാപനത്തിനെതിരെ പ്രസംഗിച്ചപ്പോൾ “ഉത്തരവിറക്കിയവന്റെ പോക്കറ്റിൽ വച്ചാൽ മതി ഇവിടെ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് “വീമ്പടിച്ച എംഎം മണി ഉത്തരവ് നടപ്പാക്കുന്നതിനുള്ള ഗവൺമെന്റ് തീരുമാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ജനങ്ങളോട് തുറന്നു പറയണം. മന്ത്രിസഭാ യോഗത്തിൽ മിണ്ടാപ്രാണിയെ പോലെ ഇരിക്കുന്ന ജില്ലയിലെ മന്ത്രിയും മുഖ്യമന്ത്രിയെ കാണുമ്പോൾ വാലും മടക്കി പഞ്ച പുച്ഛം അടക്കി നിൽക്കുന്ന എൽഡിഎഫ് നേതാക്കളുമാണ് ഇന്നത്തെ ദു.സ്ഥിതിക്ക് ഉത്തരവാദികൾ. ജില്ലയെ മുഴുവൻ ഘട്ടംഘട്ടമായി റിസർവ് വനമാക്കി മാറ്റുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളാണ് വനംവകുപ്പ് നടത്തികൊണ്ടിരിക്കുന്നത്. മതികെട്ടാൻ ചോലയിൽ നിന്നും ആരംഭിച്ച വനംവകുപ്പിന്റെ നിഗൂഢ നീക്കങ്ങൾ നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ തന്നെ വന്യമൃഗങ്ങളെ കൊണ്ട് ജീവിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ കൂടുതൽ പ്രദേശങ്ങൾ വനഭൂമിയാകുമ്പോഴത്തെ അവസ്ഥ വിവരിക്കേണ്ടതില്ല. ഒരുകാലത്ത് സർക്കാരിന്റെ അനുമതിയോടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉത്പാദനത്തിനു വേണ്ടി കുടിയേറിയ ഹൈറേഞ്ചിലെ ജനങ്ങൾ വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ച് ഇവിടെ ജീവിച്ചവരാണ്. അവർ കൈമാറിയ ഭൂമിയിലും വീടുകളിലുമാണ് അവരുടെ പിൻതലമുറക്കാർ ജീവിക്കുന്നത്. ഗവൺമെന്റ് വന വിസ്തൃതി വർദ്ധിപ്പിക്കുമ്പോൾ വന്യമൃഗങ്ങളുടെ ശല്യം നിമിത്തം ജനങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്യുവാൻ നിർബന്ധിതരായി തീരണം എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം. വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിലൂടെ വിദേശ ഏജൻസികളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഹരിത കേരളം മിഷൻ പോലെയുള്ള തട്ടിക്കൂട്ട് സർക്കാർ ഏജൻസിയുടെ മേൽനോട്ടത്തിൽ സ്വകാര്യ തട്ടിപ്പ് സംഘടനകലാണ് ഫണ്ട് ചെലവഴിക്കുന്നത്. ഭരണത്തിൽ ഇരിക്കുന്നവർക്കും തട്ടിപ്പ് ഏജൻസികൾക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പണം ഉണ്ടാക്കുന്നതിന് പാവപ്പെട്ട ജനങ്ങളെ വഴിയാധാരമാക്കുന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണ് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കിക്കൊണ്ട് വന വിസ്തൃതി വർധിപ്പിക്കുവാനുള്ള ഗവൺമെന്റ് നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ ഭൂമി റിസർവ് വനം ആക്കി കൊണ്ടുള്ള സർക്കാർ ഉത്തരവുകൾ റദ്ദാക്കുന്നത് വരെ ജനകീയ സമരങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.