ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങി ജോയിയെ തിരയുകയെന്നത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു.
തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. റെയില്‍വേ പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.