കൂട്ടുകാരനു ഫോണില്ല; സൈക്കിൾ വാങ്ങാൻ 4 വർഷമായി സൂക്ഷിച്ചിരുന്ന പണത്തിന് ഫോൺവാങ്ങി നൽകി
നെടുങ്കണ്ടം ∙ കൂട്ടുകാരനു ഫോണില്ല. സൈക്കിൾ വാങ്ങാൻ 4 വർഷമായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം കൂട്ടുകാരനു നൽകി നാലാം ക്ലാസ് വിദ്യാർഥി. ചോറ്റുപാറ ആർപിഎം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അദ്വൈത് ആണ് സ്വന്തം കുടുക്കയിൽ സൂക്ഷിച്ചിരുന്ന ചില്ലറത്തുട്ടുകൾ സഹപാഠിക്കു നൽകാനായി സ്കൂൾ അധികൃതർക്ക് കൈമാറിയത്.
സൈക്കിളിങ്ങിൽ ചാംപ്യനാകണമെന്നാണ് അദ്വൈതിന്റെ ആഗ്രഹം. അതിനു പറ്റിയ ഒരു സൈക്കിൾ വേണം. ഇതിനായാണ് അദ്വൈത് ഒന്നാം ക്ലാസ് മുതൽ മാതാപിതാക്കളെക്കൊണ്ട് ഒരു കുടുക്ക വാങ്ങി ചില്ലറ തുട്ടുകൾ ശേഖരിക്കാൻ തുടങ്ങിയത്. മാതാപിതാക്കൾ നൽകുന്ന നാണയ തുട്ടുകളാണ് അദ്വൈത് കുടുക്കയിൽ ശേഖരിച്ചത്. രണ്ടാം ക്ലാസ് മുതൽ മറ്റൊരു ചെറിയ സൈക്കിളിൽ അദ്വൈത് സൈക്കിളിങ്ങിൽ പരിശീലനവും നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോണില്ലാതിരുന്ന 10 വിദ്യാർഥികൾക്ക് ഫോൺ നൽകുന്ന സ്കൂൾ പിടിഎ, അധ്യാപകർ എന്നിവർ ചേർന്ന് തീരുമാനിച്ചത്. ഫോണില്ലാത്ത കുട്ടികളുടെ കാര്യം മാതാപിതാക്കൾ സംസാരിക്കുന്നതു കേട്ടപ്പോഴാണ് സ്വന്തം ക്ലാസിലെ കൂട്ടുകാരനും ഫോണില്ലന്ന് അദ്വൈത് അറിഞ്ഞത്. 7000 രൂപയിലധികം കുടുക്കയിലുണ്ടായിരുന്നു. ഫോൺ വാങ്ങി അദ്വൈത് സ്കൂൾ ഹെഡ്മിട്രസ് ആർ.ദീപമോൾക്ക് കൈമാറി.