സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് കോഴ; സിപിഐയിലും കോഴ വിവാദം
സിപിഐയിലും കോഴ വിവാദം. സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരിൽ നിന്നും കോഴ വാങ്ങുന്നതായി പരാതി. സിപിഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് പരാതി ഉയർന്നത്. പണം നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ കോന്നിയിൽ നിന്ന് ഹോസ്ദുർഗിലേക്ക് സ്ഥലം മാറ്റിയതായും പരാതി ഉയർന്നു.
ജോയിൻ കൗൺസിൽ നേതാവിനെയാണ് പണം നൽകാൻ വിസമ്മതിച്ചതിന് സ്ഥലം മാറ്റിയത്. ഇടപാടിനെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാർട്ടി നേതാക്കൾ കത്ത് നൽകി. സിപിഐഎമ്മിലെ പിഎസ്സി കോഴ വിവാദം ഉയർന്നതിന് പിന്നാലെയാണ് സിപിഐയിലും വിവാദം ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് പരാതി ഉയർന്നിരിക്കുന്നത്.
പത്തനംതിട്ടയിൽ നിന്നുള്ള ലോക്കൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങളാണ് കത്തയച്ചിരിക്കുന്നത്. തെളിവുകൾ ഹാജരാക്കാമെന്നും കത്തിൽ പറയുന്നു.