‘നടത്തുന്നത് സിക്ക് ട്രാജഡി ടൂറിസം’; രാഹുലിന്റെ മണിപ്പൂർ-അസം സന്ദർശനത്തെ വിമർശിച്ച് ബിജെപി
ഇംഫാൽ: രാഹുൽ ഗാന്ധിയുടെ മണിപ്പൂർ, അസം സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. കലാപബാധിത മണിപ്പൂരിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയ ബാധിതരെ കണ്ട രാഹുലിന്റെ ഇടപെടലിനെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ‘സിക്ക് ട്രാജഡി ടൂറിസ’മെന്നാണ് വിശേഷിപ്പിച്ചത്. സിൽച്ചാർ വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം ഫുലർട്ടലിലെത്തിയ രാഹുൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയബാധിതരുമായി സംവദിച്ചിരുന്നു. ശേഷം കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മണിപ്പൂരിലേക്ക് പുറപ്പെട്ടു.
എന്നാൽ മണിപ്പൂരിലെ അക്രമങ്ങൾ കോൺഗ്രസിൻ്റെ പാരമ്പര്യമാണെന്നാണ് ബിജെപി ആരോപിച്ചത്. ‘മണിപ്പൂരിലെ വംശീയ സംഘർഷം കോൺഗ്രസ് പാർട്ടിയുടെ പൈതൃകമാണ്. കോൺഗ്രസ് അധികാരത്തിലിരിക്കെ ദശാബ്ദങ്ങളായി നിരവധി സിവിലിയൻമാരും പൊലീസുകാരും സൈനികരും കൊലപ്പെട്ടു. നിരവധി തവണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യമുണ്ടായി. അന്നൊന്നും മണിപ്പൂരിന്റെ വേദന മനസ്സിലാക്കാത്ത കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുതല കണ്ണീർ ഒഴുക്കുകയാണെന്നും എക്‌സിലൂടെയുള്ള പോസ്റ്റിൽ അമിത് മാളവ്യ പ്രതികരിച്ചു.