മലയാളി ചിരി ക്ലബ്ബിന്റെയും റിവെറ്റ് ഹൈഡ്രോ സിസ്റ്റത്തിന്റെയും നേതൃത്വത്തില്‍ കുഴല്‍ക്കിണര്‍ റീചാര്‍ജിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ലയണ്‍സ് ക്ലബ് ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. അന്നേദിവസം ബോര്‍വെല്‍ റീ ചാര്‍ജിങ് റെയിന്‍ വാട്ടര്‍ സിസ്റ്റം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുമ്പ് ജലസമൃദ്ധമായിരുന്ന ഓലികള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവ വറ്റിത്തുടങ്ങിയതോടെ കുഴല്‍കിണറുകള്‍ വ്യാപകമായി. ആദ്യകാലങ്ങളില്‍ 150 അടി താഴ്ചയില്‍ വെള്ളം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ 2000 അടി വരെ കുഴിക്കേണ്ട സ്ഥിതിയായി. ജില്ലയുടെ പ്രധാനവരുമാനം കാര്‍ഷിക മേഖലയില്‍ നിന്നാണ്. കഴിഞ്ഞ വരള്‍ച്ചക്കാലത്ത് കുടിവെള്ളത്തിനായി നാടാകെ നെട്ടോട്ടത്തിലായിരുന്നു. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായാണ് മലയാളി ചിരിക്ലബ്ബും റിവെറ്റ് ഹൈഡ്രോ സിസ്റ്റവും ചേര്‍ന്ന് ബോര്‍വെല്‍ റീചാര്‍ജിങ് വിഭാവനം ചെയ്തിരിക്കുന്നത്.
മുഴുവന്‍ ബോര്‍വെലുകളും റീ ചാര്‍ജ് ചെയ്യുന്ന ആദ്യപഞ്ചായത്തിന് ഒരുലക്ഷം രൂപ പാരിതോഷികം നല്‍കും. ആദ്യ വാര്‍ഡിലെ പഞ്ചായത്ത് അംഗത്തിന് 5000 രൂപയും നല്‍കും. റീചാര്‍ജിങ് സംസ്ഥാന തലത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, റിവെറ്റ് ഹൈഡ്രോ സിസ്റ്റം ഡയറക്ടര്‍ സിബി കൊല്ലംകുടി, മലയാളി ചിരി ക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു, കോ ഓര്‍ഡിനേറ്റര്‍ അനീഷ് തോണക്കര, മനോജ് പി. ജി, റോബിന്‍ സെബാസ്റ്റ്യന്‍, ഷിജോ സെബാസ്റ്റ്യന്‍, ജിനോ സേവ്യര്‍, പ്രിന്‍സ് ജോസഫ് മൂലേച്ചാലില്‍, മനോജ് വര്‍ക്കി, അശോക് ഇലവന്തിക്കല്‍, ആനന്ദ് കൊല്ലംകുടി എന്നിവര്‍ പങ്കെടുത്തു.