വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെൻറ് ജോർജ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയുടെ രൂപങ്ങൾ മാറുകയാണ്. ഡിജിറ്റൽ രൂപത്തിലായാലും പുസ്തക രൂപത്തിലായാലും വായന അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരും അദ്ദേഹത്തിന്റെ ജീവിതവും വായനയുടെ ലോകത്ത് സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലുതാണ്. തലമുറകൾ മാറി വരുമ്പോൾ വായനയ്ക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇന്നത്തെ തലമുറ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അത് വായനയെ കൂടുതൽ ജനകീയമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ വായനപക്ഷാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച് ഭാഷാ വിദഗ്ദൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി.
76 -)൦ വയസിൽ സാക്ഷരത ഹയർ സെക്കന്ററി തുല്യത പരീക്ഷയിൽ 1200 ൽ 724 മാർക്ക് നേടി വിജയിക്കുകയും ബിരുദ പഠനം പൂർത്തിയാക്കുകയും ചെയ്ത കുടയത്തൂർ സ്വദേശിനി കെ എ സരോജിനിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഇരുപത്തിയഞ്ച് വർഷം സാക്ഷരതാ പ്രേരക് പ്രവർത്തനം പൂർത്തിയാക്കിയവർക്കുള്ള പുരസ്‌കാരവിതരണവും അദ്ദേഹം നിർവഹിച്ചു.
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് പ്രശസ്ത സാഹിത്യകാരന്‍ ഐ വി ദാസ് അനുസ്മരണദിനമായ ജൂലൈ 7 ന് സമാപിക്കുന്ന വായനാപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ, പി എന്‍ പണിക്കര്‍ ഫൗണ്ടേഷൻ, ജില്ലാ സാക്ഷരതാ മിഷൻ എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ചത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ പ്രമോദ് കുമാർ ,വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ്, ജില്ല ഇൻഫർമേഷൻ ഓഫീസർ വിനോദ് ജി എസ്, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ജെമിനി ജോസഫ്, ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ബെന്നി മാത്യു, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ആലീസ് ജോസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ബിജു ആർ, വാഴത്തോപ്പ് സ്കൂൾ പിടിഎ പ്രസിഡന്റ് ജസ്റ്റിൻ ജോർജ് പാലിയത്ത് തുടങ്ങിയവർ പങ്കെടുത്തു.