അഗ്നിവീറിന് ലഭിച്ചത് ഇന്‍ഷൂറന്‍സ് മാത്രം, നഷ്ടപരിഹാരമല്ല; കേന്ദ്രത്തെ വിടാതെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അഗ്നിവീര്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സേവനത്തിനെതിരെ കൊല്ലപ്പെട്ട അഗ്നിവീര്‍ അജയകുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വകാര്യ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ ഇന്‍ഷൂറന്‍സും ആര്‍മി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് ഫണ്ടില്‍ നിന്നും 48 ലക്ഷം രൂപയുമാണ് കുടുംബത്തിന് ലഭിച്ചത്. മറിച്ച്, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എക്‌സ് ഗ്രേഷ്യാ പേയ്‌മെന്റായി ഒരു തുകയും ലഭിച്ചിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.
ശമ്പള കുടിശ്ശിക പോലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടില്ലെന്നും കുടിശ്ശികയായ ശമ്പളം കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവരുടെ കുടുംബാംഗങ്ങളെ നിര്‍ബന്ധമായും ആദരിക്കണമെന്നും സര്‍ക്കാര്‍ അവരെ വിവേചനപൂര്‍ണമാണ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യം താന്‍ ഉയര്‍ത്തികൊണ്ടേയിരിക്കും. രാജ്യസുരക്ഷ സംബന്ധിച്ച കാര്യമാണ്. ഇതില്‍ കേന്ദ്രം എന്തുപറയുന്നു എന്ന് തനിക്ക് അറിയേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കൊല്ലപ്പെട്ട അഗ്നിവീറിന്റെ കുടുംബത്തിന് പെന്‍ഷനോ നഷ്ടപരിഹാരമോ ലഭിച്ചില്ലെന്ന് ലോക്‌സഭയില്‍ രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നും അഗ്നീവീറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചതായും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.