കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനപ്പൂർവം ശ്രമിക്കുന്നു:
രതീഷ് വരകുമല (ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി)
2023 ലാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ 1980ലെ കേന്ദ്ര വന സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത്.
നിരവധി ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ടുവന്നിട്ടുള്ള നിയമ ഭേദഗതിയിൽ 1996 ഡിസംബർ ന് മുമ്പ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഭൂമി നിലവിൽ വനഭൂമി ആണെങ്കിലും തരം മാറ്റി നൽകുന്നതിനുള്ള വ്യവസ്ഥയുണ്ട്.
ഇതിന് ഏതെങ്കിലും ഒരു സർക്കാർ വകുപ്പിന്റെ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ മതി.
ഈ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്കും ,പട്ടയ പ്രശ്നങ്ങൾക്കും , വനമേഖലയിൽ കേന്ദ്ര വന നിയമത്തിന്റെ പേരിൽ മുടങ്ങിക്കിടക്കുന്ന റോഡ് നിർമ്മാണങ്ങൾക്കും, ആദിവാസി മേഖലകളിൽ ഉള്ള വികസന പ്രവർത്തനങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ സാധിക്കും.
എന്നാൽ ഈ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ യാതൊരു താൽപര്യവും കാണിക്കുന്നില്ല.
കേന്ദ്ര നിർദ്ദേശം അനുസരിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ,ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ 2024 മെയ് 16ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എങ്കിലും.
ജനങ്ങൾ ഈ സമിതിയെ എങ്ങനെ സമീപിക്കണമെന്നോ.
അപേക്ഷകളും രേഖകളും എവിടെ ഹാജരാക്കണം എന്നോ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല.
കൂടാതെ ഇങ്ങനെ ഒരു സമിതിരൂപീകരിച്ചിട്ടില്ല എന്നാണ് ശ്രീമതി കെ കെ രമ എംഎൽഎയുടെ ചോദ്യത്തിന് ജൂൺ പന്ത്രണ്ടാം തീയതി ബഹുമാനപ്പെട്ട വനംമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ മറുപടി നൽകിയത്.
2023 നവംബർ ഇരുപത്തിഏഴാം തീയതി കട്ടപ്പനയിൽ ചേർന്ന ഇടുക്കി ജില്ലയിലെ സാമൂഹ്യ സംഘടന നേതാക്കന്മാരുടെ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അന്തിമ റിപ്പോർട്ട് നൽകി കേന്ദ്രം അത് പരിഗണിച്ചാൽ കുടിയേറ്റ കർഷകർ കുടിയേറ്റ കാലത്ത് പൊന്നു വിളയിച്ച നിരവധി കുടിയേറ്റ ഭൂമികൾ എന്നെന്നേക്കുമായി വനഭൂമിയായി മാറും.
ഇനി ഇത്തരത്തിലൊരു ആനുകൂല്യം ഒരുപക്ഷേ മലയോര ജനതയ്ക്ക് ലഭിച്ചു എന്ന് വരില്ല.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ വഞ്ചനാപരമായ നിലപാടുകൾ വെടിഞ്ഞ് ജനങ്ങളോടൊപ്പം നിന്ന് കേന്ദ്ര നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണം.
രതീഷ് വരകുമല (ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി )
കട്ടപ്പന
05.07 .2024