വിനീഷ്യസിനെ വീഴ്ത്തിയതിന് പെനാല്‍റ്റി നല്‍കണമായിരുന്നു, റഫറിമാര്‍ക്ക് തെറ്റുപറ്റി: കോന്‍മെബോള്‍
ന്യൂയോര്‍ക്ക്: കൊളംബിയയ്‌ക്കെതിരായ കോപ്പ അമേരിക്ക മത്സരത്തില്‍ ബ്രസീലിന് അര്‍ഹിച്ച പെനാല്‍റ്റി നല്‍കണമായിരുന്നുവെന്ന് കോപ്പ ഫുട്‌ബോള്‍ ഫെഡറേഷനായ കോന്‍മെബോള്‍. മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് റഫറിമാരുടെ പിഴവാണെന്നും കോപ്പ ഫുട്‌ബോള്‍ ഫെഡറേഷന്‍ തുറന്നുസമ്മതിച്ചു.
ഗ്രൂപ്പ് ഡിയില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു സംഭവം. 42-ാം മിനിറ്റില്‍ ബ്രസീല്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇടതുവശത്തൂകൂടെ ബോക്‌സിലേക്ക് മുന്നേറിയ വിനീഷ്യസിനെ കൊളംബിയന്‍ റൈറ്റ് ബാക്ക് ഡാനിയല്‍ മുനോസ് വീഴ്ത്തുകയായിരുന്നു. വാര്‍ പരിശോധനയിലും പെനാല്‍റ്റി അംഗീകരിച്ചിരുന്നില്ല.
മത്സരത്തില്‍ ബ്രസീലിനെ പിന്നീട് കൊളംബിയ സമനിലയില്‍ തളയ്ക്കുകയാണ് ചെയ്തത്. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 12-ാം മിനിറ്റില്‍ റഫീഞ്ഞ നേടിയ ഗോളിന് ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഡാനിയല്‍ മുനോസ് കൊളംബിയയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.
മത്സരത്തില്‍ വിനീഷ്യസിന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. രണ്ടാം യെല്ലോ കാർഡും ലഭിച്ച താരത്തിന് അടുത്ത മത്സരത്തില്‍ സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ്. യുറുഗ്വായ്ക്കെതിരായ ബ്രസീലിന്‍റെ ക്വാർട്ടർ മത്സരം വിനീഷ്യസിന് നഷ്ടമാകും. നേരത്തെ പരാഗ്വക്കെതിരെ നടന്ന മത്സരത്തിലും താരത്തിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. ഈ കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ വിജയിച്ച ഒരേ ഒരു മത്സരമായ പരാഗ്വക്കെതിരെ രണ്ട് ഗോളുകൾ നേടിയ താരമാണ് വിനീഷ്യസ് ജൂനിയർ.