ആൾദൈവത്തിനടുത്തേക്ക് ഓടിയടുക്കുന്നതിനിടെ തിരക്കിൽപ്പെട്ട് മരിച്ചത് നൂറിലേറെ പേർ; ആരാണ് ഇപ്പോൾ ഒളിവിൽ പോയ ആൾദൈവം ഭോലെ ബാബ?
ഉത്തർപ്രദേശിലെ ഹാത്രസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനാ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 110ലേറെ പേർ മരിച്ച സംഭവം രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. സത്സംഗത്തിനുശേഷം ആൾദൈവത്തിന്റെ കാൽപാദം പതിഞ്ഞ മണ്ണ് ശേഖരിക്കാൻ കൂട്ടത്തോടെ അദ്ദേഹത്തിന് പിന്നാലെ ഓടിയടുത്ത ആയിരങ്ങളിൽ നൂറുകണക്കിന് പേർ അപകടത്തിൽപ്പെടുകയും വലിയ ദുരന്തം സംഭവിക്കുകയും ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ എത്തിയ പരിപാടിയായിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന വിമർശനം പരിപാടിയുടെ സംഘാടകർ നേരിടുന്നുണ്ട്. ഉത്തർപ്രദേശിൽ ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭോലെ ബാബ ആരാണ്?
സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ഉത്തരേന്ത്യയിലെ പ്രമുഖ ആൾദൈവവുമാണ് ഭോലെ ബാബ. അപകടത്തിന് ശേഷം ഭോലെ ബാബ ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാൽ സിംഗ് ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂർ നഗരി ഗ്രാമത്തിൽ ഒരു കർഷകൻ്റെ മകനായാണ് ജനിച്ചത്. പൊലീസിൽ ജോലി ലഭിച്ച അദ്ദേഹം പിന്നീട് ഉത്തർപ്രദേശ് പൊലീസിലെ ഇൻ്റലിജൻസ് യൂണിറ്റിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു. 18 വർഷത്തെ സർവീസിനുശേഷം അദ്ദേഹം ജോലി രാജിവച്ച് ആത്മീയ പ്രഭാഷണം ഉൾപ്പെടെ നടത്താൻ തുടങ്ങി.
1999-ൽ അദ്ദേഹം സർവ്വീസിൽ നിന്ന് സ്വയം വിരമിക്കുകയും നാരായൺ സാകർ ഹരി എന്ന പേര് മാറ്റുകയും സത്സംഗങ്ങൾ നടത്തുകയും ചെയ്തു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ അദ്ദേഹത്തിന് ആരാധകരുണ്ട്. ചൊവ്വാഴ്ചകളിലാണ് അദ്ദേഹത്തിന്റെ സത്സംഗങ്ങൾ സംഘടിപ്പിക്കപ്പെടാറുള്ളത്. ഭക്തർക്ക് വേണ്ട ഭക്ഷണവും വെള്ളവുമുൾപ്പെടെ താൽക്കാലികമായി കെട്ടിയ കൂടാരങ്ങളിൽ വിതരണം ചെയ്യാറുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ പരിപാടിയ്ക്കും എത്താറുള്ളത്.
കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന 2022ൽ 50,000ൽ അധികം പേരെ പങ്കെടുപ്പിച്ച് ഭോലെ ബാബെയുടെ സത്സംഗം നടത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് പൊതുപരിപാടികളിൽ അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 50 പേർ മാത്രമായിരിക്കെയാണ് ആൾദൈവത്തിന്റെ പ്രഭാഷണം കേൾക്കാൻ ആളുകൾ ഒഴുകിയെത്തിയത്. ആൾദൈവത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനായി സദാ സന്നദ്ധരായ ഭക്തരുടെ സുരക്ഷാ സംഘത്തെ നാരായണി സേനയെന്നാണ് വിളിക്കാറ്. പരമാവധി സോഷ്യൽ മീഡിയയിൽ നിന്നും മറ്റ് വാർത്താ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന ഭോലെ ബാബയ്ക്ക് വായ്മൊഴിയായുള്ള പ്രചാരണങ്ങളിലൂടെയും മറ്റുമാണ് ഇത്രയും ആരാധകരുണ്ടായത്.