ഉപ്പുതറയിൽ തെരുവുനായഭീഷണി
ഉപ്പുതറ : അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ടൗണിലെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. ഏതുനിമിഷവും തെരുവുനായ ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.
പകൽസമയത്തുപോലും സ്ത്രീകളും കുട്ടികളും തെരുവുനായ്ക്കളെ ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത്.
രാത്രികാലത്ത് മത്സ്യ-മാംസ വ്യാപാരസ്ഥാപനങ്ങളുടെ സമീപം ഒഴിഞ്ഞ സ്ഥലങ്ങളിൽ കഴിഞ്ഞുകൂടുന്ന നായ്ക്കൾ ഉച്ചയോടെ ടൗണിലെത്തും. രാത്രി വളരെ വൈകിയാണ് സ്ഥലം വിടുന്നത്.
ഇതിനിടെയുള്ള സമയങ്ങളിൽ നായ്ക്കൾ തമ്മിൽ ശണ്ഠകൂടുന്നത് പതിവാണ്. ഈ സമയം കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യക്കൂടയിലെ ഭക്ഷണാവശിഷ്ടങ്ങളുംമറ്റും വലിച്ചുപുറത്തിടുന്നതും റോഡിലും വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും നിക്ഷേപിക്കുന്നതും ചില്ലറ ബുദ്ധിമുട്ടല്ല നാട്ടുകാർക്ക് നായ്ക്കൾ ഉണ്ടാക്കുന്നത്. ഓരോ ദിവസവും നായ്ക്കളുടെ എണ്ണം കൂടിവരുകയാണ്. തെരുവുനായ്ക്കളുടെ ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.