പെരിയാര്‍ കൈയേറ്റം.
മാധ്യമ പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ആലോചന .
അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തിലെ പെരിയാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്ത വന്നതിനു പിന്നാലെ മംഗളം കട്ടപ്പന റിപ്പോര്‍ട്ടര്‍ക്ക് ഭീഷണി. ചപ്പാത്ത് കേന്ദ്രീകരിച്ചുള്ള സ്വയം സഹായ സംഘത്തില്‍പെട്ടവരാണ് റിപ്പോര്‍ട്ടറെ അപായപ്പെടുത്താന്‍ ചര്‍ച്ചകള്‍ നടത്തിയതെന്നാണ് വിവരം. പുഴ കൈയേറ്റത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട വ്യക്തിയുടെ മകന് അടക്കം അഗമായിട്ടുള്ളതാണ് സംഘം.
ഇതിലെ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകനെ കായികമായി കൈകാര്യം ചെയ്യണമെന്ന ചര്‍ച്ച ഉയരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ പ്രദേശവാസികളുമായി വിവരം പങ്കുവയ്ക്കുകയും ചെയ്തു.
കെ. ചപ്പാത്തില്‍ പെരിയാര്‍ പുഴ കൈയേറി രണ്ട് വന്‍കിടക്കാര്‍ കെട്ടിട നിര്‍മാണം നടത്തിയിരുന്നു. സംഭവം മംഗളം ദിനപത്രത്തില്‍ വാര്‍ത്ത വരികയും പിന്നാലെ ഇതര മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി. റവന്യൂ വകുപ്പും പഞ്ചായത്തും ഇടപെട്ട് നിര്‍മാണം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ പിന്‍ബലത്തിലാണ് കൈയേറ്റം നടക്കുന്നതെന്നും ആരോപണം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ ഗൂഡാലോചന നടന്നിരിക്കുന്നത്. സംഭവത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ നിയമപരമായ നടപടി നേരിടുമെന്ന് മാധ്യമ പ്രവര്ത്തകന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.