കൃഷി ചെയ്യാത്ത തോട്ടം ഭൂമി സർക്കാർ ഏറ്റെടുക്കുവാൻ നിയമനിർമാണം നടത്തണമെന്ന് വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ
തൊഴിലാളികള്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴിലുടമ ഉപേക്ഷിച്ചു പോയതോ അടച്ചിടുകയോ ചെയ്തിട്ടുള്ളവ ചര്‍ച്ചയിലൂടെ തുറക്കാന്‍ സാധിക്കാതെ വരുന്ന തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും പൂട്ടിയ തോട്ടങ്ങള്‍ തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് ഏറ്റെടുത്ത് നടത്തുന്നതിനും ആവശ്യമായ നിയമനിര്‍മ്മാണ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച സമഗ്ര തോട്ട നയത്തില്‍ വ്യവസ്ഥയുണ്ട് അവ എത്രയും വേഗം നടപ്പിലാക്കുവാനും നിയമനിർമാണം നടത്തുവാനും വേണ്ട നടപടി സ്വീകരിക്കും എന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു .
ഭൂപരിഷ്കരണ നിയമപ്രകാരം തോട്ട ഭൂമിയുടെ പരിരക്ഷ നേടിയിട്ടുള്ള പീരുമേട്ടിലെ എം എം ജെ പ്ലാന്റേഷൻസ് വക കോട്ടമല ,ബോണാമി തോട്ടങ്ങളും പീരുമേട് ടി കമ്പനിയുടെ വക ചീന്തലാർ ,ലോൺട്രീ തോട്ടങ്ങളും കഴിഞ്ഞ ഇരുപത്തിനാലു വർഷമായി ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമി യാതൊരുവിധ കൃഷി ചെയ്യുവാനോ തൊഴിലാളികൾക്ക് തൊഴിൽ നൽകുവാനോ നടപടി സ്വീകരിക്കാതെ ഉപേക്ഷിച്ച് പോയിട്ടുള്ളതാണ്. നിലവിലെ പല തോട്ടം ഉടമകളും ഭൂമി കൈവശപ്പെടുത്തുകയും ആയിരക്കണക്കിന് ഏക്കർ ഭൂമി കൃഷിചെയ്യാതെ തരിശുഭൂമിയായി കിടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. തോട്ടമുടമകുളുടെ ഈ തെറ്റായ നടപടികളിലൂടെ സർക്കാരിന് ലഭിക്കേണ്ട നികുതി ലഭിക്കാതെ വരികയും ,കാർഷികമേഖലയുടെ ഉത്പാദനക്ഷമത കുറയുവാനും രാജ്യത്തെ ജനങ്ങൾക്ക് തൊഴിലവസരം ലഭിക്കാതെ വരുന്ന സാഹചര്യവുമാണ് ഉണ്ടായിട്ടുള്ളത്. ആയതിനാൽ ഇത്തരം ഭൂമികൾ സർക്കാർ ഏറ്റെടുക്കുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവരെ ഏൽപ്പിക്കുവാനോ നിയമനിർമാണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു . ധനാഭ്യർത്ഥനാകളുടെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് ഈ വിഷയം എം എൽ എ ആവശ്യപ്പെട്ടത് .