കെജ്രിവാളിന് ജാമ്യമില്ല; വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് ഹൈകോടതി
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി.
വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈകോടതി തടഞ്ഞു. ഇ.ഡിയുടെ വാദം ശരിവച്ച ഹൈകോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി കേസ് സംബന്ധിച്ച വിശദാംശങ്ങളില്‍ മനസ്സിയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രോസിക്യൂഷന് തെളിവ് ഹാജരാക്കാനും വാദിക്കാനും സമയം നല്‍കിയില്ലെന്നും ഹൈകോടതി വിമര്‍ശിച്ചു.
ജാമ്യം ഹൈകോടതി സ്റ്റേ ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി വിധി വരുന്നതുവരെ കെജ്രിവാള്‍ കാത്തിരിക്കണമെന്ന് കോടതി നിർദേശിച്ചു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈകോടതി സ്വീകരിക്കുന്നതെങ്കില്‍, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള എ.എ.പി നേതാക്കള്‍ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാള്‍ ജൂണ്‍ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങി.