Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

സിക്ക വൈറസ്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക, പ്രതിരോധിക്കാൻ ചെയ്യേണ്ടത്



കോവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയിൽ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്നൊരു ആശങ്ക പലർക്കും ഉണ്ടായേക്കാം. സിക്ക വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ?

എന്താണ് സിക്കരോഗം എന്ന് നമുക്ക് നോക്കാം.

സിക്ക വൈറസ് രോഗബാധയെ കുറിച്ച് അറിയേണ്ട പ്രസക്തമായ വസ്തുതകൾ ചുരുക്കത്തിൽ.

∙ പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്.


∙ പൊതുവിൽ അതിരാവിലെയും വൈകുന്നേരവും കടിക്കുന്ന കൊതുകുകളാണിവ.

∙ കൂടാതെ രോഗബാധിതരായ ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്.

∙ രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം. 

∙ എന്നാൽ പലരിലും ലക്ഷണങ്ങൾ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.

∙ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. 

സിക്ക വൈറസ് രോഗബാധയെ പേടിക്കേണ്ടതുണ്ടോ?

സാധാരണ ഗതിയിൽ വളരെ ലഘുവായ രീതിയിൽ വന്നു പോവുന്ന ഒരു വൈറസ് രോഗബാധയാണിത്. എന്നാൽ ഇതിന്റെ പ്രസക്തി എന്തെന്നാൽ,

ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിനോടൊപ്പം തന്നെ congenital Zika syndrome എന്ന അവസ്ഥയിലേക്കും നവജാത ശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്.

കൂടാതെ വളർച്ച എത്താതെ പ്രസവിക്കാനും അബോർഷൻ ആയി പോവാനും ഉള്ള സാധ്യതകൾ ഉണ്ട്. അപൂർവമായി  മുതിർന്നവരിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

സിക്ക വൈറസ് രോഗം പുതിയതായി ആവിർഭവിച്ച ഒന്നാണോ? 

അല്ല. നാളിതുവരെ 86 രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സിക്കയുടെ നാൾ വഴികൾ

1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്‌രോഗം ആദ്യമായി കണ്ടെത്തിയത്. 1952 ൽ ഉഗാണ്ടയിലും, ടാൻസാനിയയിലും മനുഷ്യരിൽ സിക്ക രോഗബാധ സ്ഥിരീകരിച്ചു. 1954ൽ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. 1960കൾ മുതൽ 80കൾ വരെ ആഫ്രിക്കയിലും ഏഷ്യയിലും ഒറ്റപ്പെട്ട കേസുകളായ് അപൂർവമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

2007 Island of Yap (Federated States of Micronesia) ആദ്യമായി സിക്ക വൈറസ് ഒരു പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

2013 ൽ മുൻപത്തേക്കാൾ കൂടുതൽ വലിയ പകർച്ച വ്യാധിയായി ഇത് ഫ്രഞ്ച് പോളിനേഷ്യയിലും പരിസരപ്രദേശത്തും കണ്ടെത്തി.

എന്നാൽ  ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടർന്നത് 2015  ൽ ബ്രസീലിലായിരുന്നു. ഇതിനെ തുടർന്നാണ് സിക്ക വൈറസ് ബാധിച്ച ഗർഭസ്ഥ ശിശുക്കൾക്ക് അപകടാവസ്ഥകൾ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കൊതുകിനെ നിയന്ത്രിക്കാൻ പട്ടാളത്തെ വരെ ഇറക്കേണ്ടി വന്നിട്ടുണ്ട് ബ്രസീലിൽ. അന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം  നൽകിയിരുന്നു. 

രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവും അന്ന് ഉണ്ടായിരുന്നു. 

ഇത്തരം നടപടി ക്രമങ്ങളിലൂടെ ലോകമെമ്പാടും പടരുന്നത് തടയാനുള്ള നടപടിക്രമങ്ങൾ ഏകദേശം ഫലം കണ്ടിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ സിക്ക വൈറസിന് എതിരെ വാക്സീൻ  വികസിപ്പിച്ചെടുക്കാൻ ആ സമയത്ത് ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഈ വൈറസ് വലിയൊരു ഭീഷിണി ആവാഞ്ഞത് കൊണ്ടാവാം ഗവേഷണങ്ങൾക്ക് വലിയ പുരോഗതി ഉണ്ടായതായി അറിവില്ല.  

രോഗബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശി വേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല. 

രോഗബാധ കണ്ടെത്തുന്നത് എങ്ങനെ?

രോഗബാധിതന്റെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. ഇന്ത്യയിൽ നിലവിൽ എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂണെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

ചികിത്സ എങ്ങനെ? 

ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. സിക്ക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്റി വൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്സീനുകളോ നിലവിൽ വികസിപ്പിക്കപ്പെട്ടിട്ടില്ല.

വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോൾ പോലുള്ള മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാൽ മറ്റു ചില വേദനസംഹാരികൾ ഒഴിവാക്കേണ്ടതാണ്. 

പ്രതിരോധം എങ്ങനെ?

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.

കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക ( പ്രധാനമായിട്ടും വൈകുന്നേരവും അതിരാവിലെയും)

ഉറങ്ങുമ്പോൾ കൊതുക് കടിയെ തടയുന്ന രൂപത്തിൽ മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. mosquito repellents ഉം ഉപയോഗിക്കാവുന്നതാണ്

കൊതുകു നശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക.

ചുരുക്കി പറഞ്ഞാൽ അമിത ആശങ്കകൾ വേണ്ട. ഗർഭിണികളും ഗർഭവതികൾ  ആവാനിടയുള്ളവരും കരുതലോടെയിരിക്കണം.

ലൈംഗിക ബന്ധത്തിലൂടെ രോഗം പകരാനിടയുള്ള സാഹചര്യത്തിൽ, സിക്ക വൈറസ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നയിടങ്ങളിൽ വസിക്കുന്നവരും, അവിടങ്ങളിൽ യാത്ര ചെയ്തു വരുന്നവരും ജാഗ്രത പാലിക്കണം. അത്തരത്തിലുള്ള പുരുഷന്മാർ ആറു മാസത്തേക്കും സ്ത്രീകൾ രണ്ടു മാസത്തേക്കും സുരക്ഷിത ലൈംഗിക ബന്ധം പുലർത്തുന്നതാവും ഉചിതം എന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!