തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്
പ്രഥമ പരിഗണന വേണം: പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
കട്ടപ്പന: പോലീസിന്റെ തൊഴിലിടങ്ങളിൽ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് യൂണിറ്റുകളിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തൊഴിൽ സമ്മർദം വിലയിരുത്തി അടിയന്തര ഇടപെടൽ നടത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ ആരോഗ്യ കാര്യങ്ങളില ടക്കം പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സജീവ ഇടപെടൽ നടത്തുന്നതിനാവണം സമിതിയെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജി ഡി ചാർജ് വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ജി ഡി അസിസ്റ്റന്റിനെ ഓരോ സ്റ്റേഷനിലും നിയമിക്കുന്നതിന് വേണ്ട നടപടി പോലീസ് വകുപ്പ് സ്വീകരിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കട്ടപ്പന ഓ സാനം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് അനീഷ്കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി, വാർഡ് കൗൺസിലർ സോണിയ ജയ്ബി, സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എസ് ആർ ഷിനോദാസ്, സെക്രട്ടറി എം എം അജിത്ത് കുമാർ, വൈസ് പ്രസിഡണ്ട് സഞ്ജു വി കൃഷ്ണൻ, ട്രഷറർ ജി പി അഭിജിത്ത്, ഡിവൈഎസ്പിമാരായ പി വി ബേബി, എം ആർ മധുബാബു, കെ ആർ ബിജു, കെ പി ഒ എ സംസ്ഥാന ട്രഷറർ കെ എസ് ഔസേപ്പ്, ജില്ലാ സെക്രട്ടറി എച്ച് സനൽകുമാർ, മുഹമ്മദ് സാലി, ആർ ബൈജു, സനൽ ചക്രപാണി, റിയാദ് എം എസ്, സജുരാജ്, അഖിൽ വിജയൻ, പി പി മനു, ധന്യമോൾ, ബിനു കെ ജോൺ, പി ശ്രീജു, കിരൺ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.