അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കെ. ചപ്പാത്തില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം റവന്യൂ വകുപ്പിന്റെ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച്.
മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ രണ്ട് വ്യക്തികള്‍ കെ. ചപ്പാത്ത് സിറ്റിയോട് ചേര്‍ന്ന് പെരിയാര്‍ പുഴ കൈയേറി കെട്ടിട നിര്‍മാണം നടത്തുന്ന വാര്‍ത്ത ഇടുക്കിലൈവ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പോലീസ് രഹസ്യാന്വേഷണ വിഭാഗവും റവന്യൂ വകുപ്പും പഞ്ചായത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഒരു മാസം മുമ്പേ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും ഇതിനെ മറികടന്നാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്നതെന്നും ആനവിലാസം വില്ലേജ് ഓഫീസര്‍ അറിയിച്ചു.
മലയോര ഹൈവേ നിര്‍മാണത്തിനായി കെ. ചപ്പാത്തിലെ വ്യാപാര സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തു നിന്നും അല്‍പം ഭാഗം പൊളിച്ചു നീക്കിയിരുന്നു.
ഇത് കെട്ടി അടക്കുന്നതിന്റെ മറവിലാണ് ഇവിടെ മൂന്ന് നില കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്.
പട്ടാപ്പകല്‍ സംസ്ഥാന പാതയോരത്താണ് വന്‍ തോതില്‍ നിര്‍മാണം നടത്തിയത്.
ഇതിനു സമീപത്തെ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു പിന്നിലാണ് മറ്റൊരു നിര്‍മാണം നടക്കുന്നത്.
ഇവിടെ പുഴയിലേക്ക് ഇറക്കി കോണ്‍ക്രീറ്റ് ബീമുകള്‍ പണിതുയര്‍ത്തുന്ന ജോലികള്‍ നടന്നു വരികയാണ്.
രണ്ടിടത്തും പകലും രാത്രിയിലുമായിട്ടാണ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തിലാണ് പെരിയാറ്റില്‍ വീണ്ടും കൈയേറ്റവും നിര്‍മാണവും പുരോഗമിക്കുന്നത്.
ചപ്പാത്ത് സിറ്റിയില്‍ മുമ്പും നിരവധി കെട്ടിടങ്ങള്‍ സമാനമായി ഉയര്‍ന്നിട്ടുണ്ട്.
മലയോര ഹൈവേ നിര്‍മാണത്തിലും ചപ്പാത്തില്‍ വന്‍ വിട്ടുവീഴ്ച്ച ഉണ്ടായിട്ടുണ്ട്. ഹൈവേയുടെ നിശ്ചിത വീതിയായ 12 മീറ്റര്‍ വീതിയിലുള്ള ടാറിങ്ങ് കെ. ചപ്പാത്തില്‍ മാത്രം നടത്താതിരിക്കാനാണ് നീക്കം.
മാട്ടുക്കട്ട, കാഞ്ചിയാര്‍, ആലടി തുടങ്ങിയ സിറ്റികളില്‍ പുറമ്പോക്ക് കൈയേറിയുള്ള നിര്‍മാണങ്ങള്‍ പാടെ പൊളിച്ചു നീക്കിയാണ് മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുന്നത്. എന്നാല്‍ കെ. ചപ്പാത്തില്‍ മാത്രം 9.5 മീറ്റര്‍ വീതിയില്‍ ഹൈവേ നിര്‍മാണം നടത്താനാണ് നീക്കം. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇപ്പോള്‍ പ്രതിഷേധക്കാരെ കാണാനില്ല.
ചപ്പാത്ത് സിറ്റിയിലെ നൂറിലേറെ വര്‍ഷം പഴക്കമുള്ള കലുങ്ക് പൊളിക്കാതെ നിര്‍മാണം നടത്താനാണ് നിലവില്‍ നീക്കം നടക്കുന്നത്. ടൗണിലെ ചില സ്വകാര്യ വ്യക്തികളുടെ താല്‍പര്യത്തിന് വഴങ്ങി ഭരണ കക്ഷി രാഷ്ട്രീയപാര്‍ട്ടിയിലെ നേതാക്കളാണ് ചപ്പാത്തില്‍ മാത്രം അലൈന്‍മെന്റ് അട്ടിമറിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.