ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചതായി വ്യാജവാര്‍ത്ത; പരാതി നല്‍കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍.
ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് രാജാ മാട്ടുക്കാരന്റേതായി വ്യാജ വാര്‍ത്ത വന്നത്. മുല്ലപ്പെരിയാര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചതായാണ് വാര്‍ത്ത തുടങ്ങുന്നത്. സുരേഷ് ഗോപി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇതോടൊപ്പം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലാത്ത പക്ഷം 27 ന് തന്റെ നേതൃത്വത്തില്‍ കേരളാ – തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാടിന്റെ വാഹനങ്ങള്‍ തടയുമെന്നും വാര്‍ത്തയില്‍ പറയുന്നു. തന്റെ പേരില്‍ വന്ന ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കിയതായി രാജാ മാട്ടുക്കാരനും ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി രാജു ബേബിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. 52 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്ത. സുരേഷ് ഗോപിയെ താന്‍ സപോര്‍ട്ട് ചെയ്യുകയോ, തമിഴ്‌നാട്ടിലെ കര്‍ഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയോ വാഹനങ്ങള്‍ തടയാന്‍ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. തനിക്ക് മുല്ലപ്പെരിയാര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുമായി യാതൊരു ബന്ധവുമില്ല. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത ചമച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാജാ മാട്ടുക്കാരന്‍ ആവശ്യപ്പെട്ടു.