അടിമാലി താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് യൂണിറ്റ് :ഫയർ ആൻഡ് സേഫ്റ്റി വിഭാഗം കനിയണം
അടിമാലി∙ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതി കാത്ത് അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് യൂണിറ്റ്. എന്നാൽ അനുമതി നേടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത്,ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടി ഇപ്പോഴും ഇഴയുകയാണ്.സംസ്ഥാനത്തെ 10 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ അനുവദിക്കുന്നതിന് മുൻ സർക്കാർ കൈക്കൊണ്ട തീരുമാന പ്രകാരം ആണ് അടിമാലിയിലും യൂണിറ്റിന് അനുമതി ലഭിച്ചത്.
പുതിയ കെട്ടിടത്തിൽ നാലാം നിലയാണ് ഇതിനായി സജ്ജമാക്കിയത്.3.60 കോടി രൂപയാണ് ഡയാലിസിസ് യൂണിറ്റിനു വേണ്ടി അനുവദിച്ചത്. ഇതോടൊപ്പം ബ്ലഡ് ബാങ്കിന് നാഷനൽ ഹെൽത്ത് മിഷൻ 50 ലക്ഷവും അനുവദിച്ചിരുന്നു. യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ 10രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നടത്തുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടാകും .6 മാസം മുൻപ് യൂണിറ്റിനു വേണ്ട യന്ത്ര സാമഗ്രികൾ ആശുപത്രിക്ക് ലഭിച്ചു.
എന്നാൽ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതി ലഭ്യമായാൽ മാത്രമാണ് യൂണിറ്റിന്റെ പ്രവർത്തനം സാധ്യമാകൂ. ഇതിനുള്ള നടപടി ക്രമങ്ങൾ നീളുകയാണ്. ഇതിനിടെ ലഭിച്ച യന്ത്ര സാമഗ്രികളിൽ 3 എണ്ണം ജില്ല ഭരണകൂടത്തിന്റെ നിർദേശ പ്രകാരം താൽക്കാലികമായി ഇടുക്കി മെഡിക്കൽ കോളജിന് കൈമാറി.