സാക്ഷാല്‍ ഗില്‍ക്രിസ്റ്റിനെ പിന്നിലാക്കി; ടി20 ലോകകപ്പിന്‍റെ ചരിത്രം തിരുത്തി റിഷഭ് പന്ത്
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം തിരുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനമാണ് പന്ത് കാഴ്ച വെച്ചത്. മൂന്ന് നിര്‍ണായക ക്യാച്ചുകളാണ് പന്ത് സ്വന്തമാക്കിയത്. അഫ്ഗാന്റെ റഹ്‌മാനുള്ള ഗുര്‍ബാസ്, ഗുല്‍ബാദിന്‍ നായിബ്, നവീന്‍ ഉള്‍ ഹഖ് എന്നിവരെയാണ് താരം പുറത്താക്കിയത്. ഇതോടെ തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തി.
ട്വന്റി 20 ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. 10 ക്യാച്ചുകളാണ് പന്ത് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഒന്‍പത് ക്യാച്ചുകളുള്ള ആദം ഗില്‍ക്രിസ്റ്റ്, ജോസ് ബട്‌ലര്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് എന്നീ താരങ്ങളെ പിന്നിലാക്കിയാണ് പന്ത് റെക്കോര്‍ഡില്‍ ഒന്നാമതെത്തിയത്.
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എയ്റ്റില്‍ അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്ത്. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനെ 134 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഇന്ത്യ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്.